By Malakkallu Express:December 21, 2014
കുറ്റിക്കോല്‍ പഞ്ചായത്തില്‍ മന്തുരോഗ ഗുളികകള്‍ വിതരണം ചെയ്യുന്നതിന് ഒരുക്കങ്ങളായി
ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തില്‍ മന്തുരോഗ ഗുളികകള്‍ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രണ്ടു വയസിനു താഴെ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതരമായി അസുഖം ബാധിച്ചവര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. വയസിന്റെ ക്രമത്തില്‍ ഗുളികകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആഹാരത്തിനു ശേഷം മാത്രമേ ഗുളിക കഴിക്കാന്‍ പാടുള്ളൂവെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. കുറ്റിക്കോല്‍, ബന്തടുക്ക എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ ഗുളിക വിതരണം ജനുവരി നാല്, അഞ്ച് തീയതികളില്‍ നടക്കും.
ഓരോ വാര്‍ഡിലും പത്തു വീതം കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം അതതു വാര്‍ഡുകളില്‍ ജനപ്രതിനിധികള്‍ നിര്‍വഹിക്കും. ജനുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ വീടുകള്‍, സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ ഗുളിക വിതരണത്തിനു വളണ്ടിയര്‍മാരെയും മൊബൈല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലനം ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം 26,27 തീയതികളില്‍കുറ്റിക്കോല്‍, ബന്തടുക്ക എന്നിവിടങ്ങളില്‍ നടക്കും.
ഗുളിക കഴിച്ചാലുണ്ടാകുന്ന ചെറിയ ചൊറിച്ചില്‍, പനി എന്നിവ സൂചിപ്പിക്കുന്നതു മന്തു വിരകള്‍ ശരീരത്തിലുണ്െടന്നും അതു ഗുളികയുടെ ശക്തികൊണ്ടു നശിപ്പിക്കുന്നതിന്റെ സൂചനയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പാര്‍ശ്വഫലങ്ങള്‍ പരിഹരിക്കാന്‍ ഒപിയില്‍ സ്ഥിരമുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ജനകീയ കൂട്ടായ്മ, ഗൃഹസന്ദര്‍ശനം, മൊബൈല്‍ ടീം വഴി ഗുളിക ലഭിക്കാത്തവര്‍ക്കു ജനുവരി ഒമ്ബത്, 10 തീയതികളില്‍ സൂപ്പര്‍വൈസര്‍ ഗുളിക നല്‍കും. ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കുടുംബക്ഷേമ കേന്ദ്രങ്ങളിലും ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
ജനുവരി ഒന്നിനു പരിപാടിയുടെ പ്രചാരണാര്‍ഥം വിളംബര റാലി നടക്കും. മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഇന്റര്‍ സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചേര്‍ന്നു. കുറ്റിക്കോല്‍ പഞ്ചായത്തു പ്രസിഡന്റ് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍പേഴ്സണായി ജയശ്രീയെ തെരഞ്ഞെടുത്തു. ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സുബ്രായ കണ്‍വീനറായ കമ്മിറ്റിയില്‍ ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും അംഗങ്ങളാണ്.

