By Malakkallu Express:December 21, 2014
വേദനകള്‍ക്കു വിട നല്‍കി സെന്റ് മേരീസ് സ്കൂളില്‍ ക്രിസ്മസ് ആഘോഷം
രാജപുരം: വേദനയുടെ ലോകത്തുനിന്നും ആശ്വാസം തേടുന്ന കിടപ്പുരോഗികള്‍ക്കു സാന്ത്വനം പകര്‍ന്നു സെന്റ് മേരീസ് സ്കൂള്‍ കുട്ടികള്‍ ക്രിസ്മസ് ആഘോഷിച്ചു. പനത്തടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള കിടപ്പുരോഗികളും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുമായ മുപ്പത്തിരണ്ടുപേരാണ് ചെറുപനത്തടി സെന്റ് മേരീസ് സ്കൂള്‍ കുട്ടികളുടെ കൂടെ ക്രിസ്മസ് ആഘോഷിച്ചത്. കുട്ടികളൊരുക്കിയ സമ്മാനങ്ങളേറ്റുവാങ്ങി സൌഹൃദം പങ്കുവച്ചും കേക്കുമുറിച്ചും ഒരുമിച്ചു ഭക്ഷണം കഴിച്ചും ക്രിസ്മസ് ആഘോഷിച്ചപ്പോള്‍ തങ്ങളുടെ വേദന ഒരുദിവസത്തേക്കെങ്കിലും മറന്നതിന്റെ സന്തോഷത്തിലായിരുന്നു അവര്‍.
പാലീയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണു കിടപ്പുരോഗികളെ സ്കൂളിലെത്തിച്ചത്. ടെലിഫോണ്‍ പോസ്റ്റില്‍നിന്നും വീണ് നട്ടെല്ലുതകര്‍ന്ന സുനില്‍കുമാര്‍ കേക്കുമുറിച്ചാണു സാന്ത്വനസംഗമം ഉദ്ഘാടനം ചെയ്തത്. പനത്തടി ഫൊറോന വികാരി ഫാ.ജോസ് കുരീക്കാട്ടില്‍ ക്രിസ്മസ് സന്ദേശം നല്‍കി. പഞ്ചായത്തംഗങ്ങളായ ബി.അനില്‍കുമാര്‍, ബെന്നി ഏബ്രഹാം, സ്കൂള്‍ മാനേജര്‍ ഫാ. ബിനു മുണ്ടക്കാപ്പറമ്ബില്‍, പിടിഎ പ്രസിഡന്റ് ടി.യു. ബെന്നി, പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ്സെബാന്‍ കാരക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഫാ.ജിബിന്‍ വാഴക്കാലായില്‍ സ്വാഗതവും ടി.എം.ഷാന്റി നന്ദിയും പറഞ്ഞു.

