By Malakkallu Express:December 16, 2014
എമര്‍ജിങ് കേരള ലക്ഷ്യം കണ്ടില്ലെന്നു സര്‍ക്കാര്‍
സംസ്‌ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മയും നിയമക്കുരുക്കുകളും സാങ്കേതിക തടസങ്ങളും വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനു തടസം നില്‍ക്കുന്നതായി കെ.എസ്.ഐ.ഡി.സി. വിലയിരുത്തുന്നു. വ്യവസായത്തിനു ഭൂമി ഏറ്റെടുക്കാനുള്ള തടസം നിക്ഷേപം ആകര്‍ഷിക്കുന്നതിലെ പ്രധാന കടമ്പയാണ്.
കേരളത്തിലേക്കു നിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിവിധ തലങ്ങളില്‍ നടക്കുമ്പോഴും ഭൂമി ഏറ്റെടുക്കുന്നതില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വ്യവസായ സമൂഹത്തിനു മുന്നില്‍ മോശം പ്രതിച്‌ഛായ സൃഷ്‌ടിക്കുന്നതായി കെ.എസ്.ഐ.ഡി.സി. വിലയിരുത്തുന്നു.
യഥാസമയം വൈദ്യുതി കണക്‌ഷന്‍ ലഭിക്കാത്തതും അടിക്കടി പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഉണ്ടാകുന്നതും വ്യവസായ വികസനത്തെ ബാധിക്കുന്നു. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള എന്‍.ഒ.സി, ലൈസന്‍സ് എന്നിവ ലഭിക്കാനുള്ള ബുദ്ധിമുട്ടും വെല്ലുവിളിയാണ്.
പദ്ധതി നിര്‍ദേശങ്ങള്‍ക്ക് സമയബന്ധിതമായി അംഗീകാരം നല്‍കുന്നതിനുള്ള ഇന്‍വെസ്‌റ്റ്‌മെന്റ് പ്രമോഷന്‍ കൗണ്‍സില്‍, പദ്ധതികള്‍ വിശദമായി പരിശോധിച്ച് വകുപ്പുകളുടെ അംഗീകാരം വാങ്ങുന്നതിനുള്ള ഇന്‍വെസ്‌റ്റ്‌മെന്റ്‌ക്ല ിയറന്‍സ് ബോര്‍ഡ്, നിക്ഷേപമേഖലകള്‍ കണ്ടെത്തുന്നതിനുള്ള ഇന്‍വെസ്‌റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് കെ.എസ്.ഐ.ഡി.സി. ഈ നിഗമനത്തിലെത്തിയത്.
എമര്‍ജിങ് കേരളയിലൂടെ വിവിധ വകുപ്പുകളുടെ കീഴിലായി 177 പദ്ധതി നിര്‍ദേശങ്ങള്‍ ലഭിച്ചെന്നും അതില്‍ 83 പദ്ധതികളില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. 19 പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എന്നാല്‍ കാര്യമായ നിക്ഷേപം കൊണ്ടുവരാന്‍ ഈ പദ്ധതികളിലൂടെ കഴിഞ്ഞിട്ടില്ല.
നിര്‍മാണം പുരോഗമിക്കുന്ന 19 പദ്ധതികളില്‍ അധികവും ചെറുകിട ഫുഡ് പാര്‍ക്കുകളാണ്. ബി.പി.സി.എല്ലുമായി (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ബന്ധപ്പെട്ട പദ്ധതിയും തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ വാഹനനിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സുമായി സഹകരിച്ചുള്ള പരിശീലനപരിപാടിയും മാത്രമാണ് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത്.
ഇതില്‍ ബി.പി.സി.എല്‍. കൊച്ചിന്‍ റിഫൈനറിയുമായി ബന്ധപ്പെട്ട പദ്ധതി നേരത്തേയുള്ളതും കേന്ദ്രസഹായം ലഭിക്കുന്നതുമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ കെ.എസ്.ഐ.ഡി.സി. അധികൃതര്‍ തയാറായില്ല. സംസ്‌ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കാനായി 2012 സെപ്‌റ്റംബര്‍ 12 മൂതല്‍ 14 വരെയാണ് കൊച്ചിയില്‍ എമര്‍ജിങ് കേരള നിക്ഷേപക സംഗമം നടന്നത്. വിദേശത്തുനിന്നുള്‍പ്പെടെ 2544 പ്രതിനിധികളാണു പങ്കെടുത്തത്.

