By Malakkallu Express:December 16, 2014
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: കേരളം പുറത്തേക്ക്
കേരളത്തില്‍ 152 ബ്ലോക്കുകള്‍ ഉള്ളതില്‍ 22 എണ്ണം മാത്രമാണ് ആസൂത്രണ കമ്മിഷന്റെ കണക്കു പ്രകാരം പിന്നാക്കം. ഇതിനു വിരുദ്ധമായി കേരളം സമര്‍പ്പിച്ച 50 ബ്ലോക്കുകളുടെ ലേബര്‍ ബജറ്റില്‍ പിന്നാക്കമല്ലാത്ത 28 എണ്ണവും കേന്ദ്രം വെട്ടി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരു ബ്ലോക്ക് പോലും കേന്ദ്രത്തിന്റെ പട്ടികയിലില്ല. വയനാട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളും പിന്നാക്ക പട്ടികയില്‍ പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, ഇതുവരെ കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും തൊഴിലുറപ്പ് പദ്ധതി ഉണ്ടായിരുന്നുവെങ്കില്‍ ഇനി മുതല്‍ 22 ബ്ലോക്കുകള്‍ക്കു മാത്രം ഊന്നല്‍ നല്‍കാനാണ് കേന്ദ്ര നിര്‍ദേശം. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ലേബര്‍ ബജറ്റ് പ്രകാരമാകും തൊഴിലുറപ്പ് അടക്കമുള്ള പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.
പിന്നാക്ക ബ്ലോക്കുകളില്‍ ഊര്‍ജിത പങ്കാളിത്ത ആസൂത്രണ പ്രക്രിയയിലൂടെ തൊഴില്‍ ആവശ്യവും പ്രവൃത്തികളും കണ്ടെത്തി ലേബര്‍ ബജറ്റുകള്‍ തയാറാക്കി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനാണു കേന്ദ്രത്തിന്റെ നിര്‍ദേശം. എന്നാല്‍ ആദിവാസി വിഭാഗങ്ങള്‍, കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍, സ്‌ത്രീ സാക്ഷരത തുടങ്ങി പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കേരളം 50 ബ്ലോക്കുകളുടെ ലേബര്‍ ബജറ്റ് തയാറാക്കി തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ചത്. ഇതില്‍ 30 എണ്ണത്തിന് അനുമതി ലഭിച്ചിട്ടില്ലെങ്കിലും, ബാക്കിയുള്ള 102 ബ്ലോക്കുകളില്‍ 2008 ല്‍ സംസ്‌ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റും വാര്‍ഷിക കര്‍മ പദ്ധതിയും തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ മാസം 31 ന് മുമ്പ് ലേബര്‍ ബജറ്റ് കേന്ദ്രത്തിനു സമര്‍പ്പിക്കാനാണു നീക്കം.
പിന്നാക്കമല്ലാത്ത ഈ ബ്ലോക്കുകളുടെ ലേബര്‍ ബജറ്റിനു പണം ലഭ്യമാകില്ലെന്നാണ് കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ വ്യക്‌തമാക്കുന്നത്. പിന്നാക്ക, ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനവും പൊതുവികസനവും മാത്രം ലക്ഷ്യമാക്കിയുള്ള കേന്ദ്ര മാനദണ്ഡങ്ങളാണ് മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലകളിലും കൂടുതല്‍ പുരോഗതി കൈവരിച്ച കേരളത്തിന് തിരിച്ചടിയായത്.
പട്ടികജാതി/വര്‍ഗ കുടുംബങ്ങള്‍, ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള കുടുംബങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കണമെന്നാണു നിയമം. കേരളത്തിലെ ഗ്രാമീണ മേഖലകളിലെ 25 ശതമാനം പട്ടികജാതി കുടുംബങ്ങളെയും 43 ശതമാനം പട്ടികവര്‍ഗ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള മത്സ്യത്തൊഴിലാളികളില്‍ ഭൂരിപക്ഷവും തൊഴിലുറപ്പ് പദ്ധതിക്കു പുറത്താണ്. ഈ സാഹചര്യത്തില്‍ ഈ വിഭാഗങ്ങളുടെ ഭൂമിയിലെ തൊഴിലുകള്‍ ഏറ്റെടുത്ത് അവരുടെ ജീവനോപാധി സുസ്‌ഥിരമാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. അതോടൊപ്പം ഒട്ടേറെ ആളുകള്‍ക്ക് ഉപകാരപ്രദമായ പ്രവൃത്തിയും ഏറ്റെടുക്കാം. അതേസമയം, ദാരിദ്ര്യരേഖയ്‌ക്കു മുകളിലുള്ളവര്‍ക്ക് ഇനിമുതല്‍ തൊഴിലുറപ്പ് പദ്ധതി കൊണ്ടു കാര്യമായ ഗുണമുണ്ടാകില്ല.

