Headlines
By Malakkallu Express:December 19, 2014

പുതുവര്‍ഷത്തില്‍ കാഞ്ഞങ്ങാടിന് പുതിയമുഖം

കാഞ്ഞങ്ങാട്: പാര്‍ക്കിങ് നിയന്ത്രിച്ചും പെട്ടിക്കടകള്‍ നീക്കിയും കാഞ്ഞങ്ങാട് പട്ടണത്തിന്റെ മുഖം മാറ്റുന്നു. കാഞ്ഞങ്ങാട്ടുകാര്‍ക്ക് പുതുവര്‍ഷ സമ്മാനമെന്ന പ്രഖ്യാപനത്തോടെ നഗരഭരണാധികാരികളും ഉദ്യോഗസ്ഥരും ഇതിനായി കൈകോര്‍ത്തിറങ്ങിയിരിക്കുകയാണ്. പട്ടണത്തിലെ പാതയോരങ്ങളിലാണ് പരിഷ്‌കാരം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് സ്ഥിതിചെയ്യുന്ന കോട്ടച്ചേരി ടൗണും പുതിയ ബസ്സ്റ്റാന്‍ഡ് ടെര്‍മിനലുള്ള അലാമിപ്പള്ളിയും ഉള്‍പ്പെടുന്ന കോട്ടച്ചേരി മുതല്‍ കൊവ്വല്‍പ്പള്ളിവരെയാണ് അതിരുകള്‍. എന്നാല്‍, ആദ്യഘട്ടത്തില്‍ കോട്ടച്ചേരി മുതല്‍ പുതിയകോട്ടയും കഴിഞ്ഞ് ലിറ്റില്‍ ഫ്ലവര്‍ സ്‌കൂള്‍വരെ നീളുന്ന സംസ്ഥാനപാതയോരത്താണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക.
നഗരസഭാധ്യക്ഷ കെ.ദിവ്യയും സബ്കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസംഘവും രാത്രി ടൗണിലിറങ്ങി പുതിയ പ്ലാന്‍ പ്രാവര്‍ത്തികമാക്കാനുള്ള പ്രവൃത്തിയാണ് ഒരോ ദിവസവും നടത്തുന്നത്. റോഡിന്റെ ഏതെല്ലാം ഭാഗത്താണ് പാര്‍ക്കിങ് സൗകര്യമൊരുക്കേണ്ടത്, മാര്‍ക്കിടേണ്ട ഭാഗങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് തിരക്കൊഴിഞ്ഞ രാത്രിസമയങ്ങളില്‍ നടത്തുന്നത്. എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളുമായും വ്യാപാരികളുമായും ചര്‍ച്ച നടത്തിയാണ് പരിഷ്‌കാരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ നഗരസഭാധ്യക്ഷ കെ.ദിവ്യ, ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറടി, അരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എല്‍.സുലൈഖ, സബ്കളക്ടര്‍ കെ.ജീവന്‍ബാബു, ഡിവൈ.എസ്.പി. കെ.ഹരിശ്ചന്ദ്ര നായ്ക്, ജോയിന്റ് ആര്‍.ടി.ഒ. കെ.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് പട്ടണത്തിലെ റോഡിന്റെ വീതി മറ്റെല്ലാ നഗരസഭാ പട്ടണങ്ങളേക്കാള്‍ വലുതാണെന്ന് സബ്കളക്ടര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അത് പ്രയോജനപ്പെടുത്തുന്നില്ല. പൊതുജനങ്ങളുടെ സഹകരണമാണ് ഇത്രയും വലിയ ദൗത്യത്തിന് ഉണ്ടാകേണ്ടത്. മാലിന്യസംസ്‌കരണത്തിന് ശാശ്വതപരിഹാരം വേണം. മാലിന്യം കുമിഞ്ഞുകിടക്കുകയാണ് ട്രഞ്ചിങ് ഗ്രൗണ്ടില്‍. അവിടെനിന്ന് മാലിന്യം സംസ്‌കരിക്കാത്തിടത്തോളംകാലം അത് ചീഞ്ഞളിഞ്ഞ് നാടിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാര്യം ആരും ഓര്‍ക്കുന്നില്ല. എല്ലാവരും യോജിച്ചാല്‍ അവിടത്തെ മാലിന്യം സംസ്‌കരിക്കാന്‍ കഴിയും. ഇപ്പോള്‍ ടൗണില്‍ ചെറിയ ബിനുകള്‍ വയ്ക്കും. മിഠായിക്കടലാസും മറ്റും റോഡില്‍ വലിച്ചെറിയാതിരിക്കാന്‍ വേണ്ടി മാത്രമാണിതെന്നും സബ്കളക്ടര്‍ പറഞ്ഞു

പെട്ടിക്കടകള്‍ നീക്കും; ഇനി തെരുവുകച്ചവടവുമില്ല

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ മുതല്‍ കൈലാസ് ജങ്ഷന്‍വരെ തെരുവോരക്കച്ചവടം ഒഴിവാക്കും. ഇതില്‍ പെട്ടിക്കടകളും ലോട്ടറിസ്റ്റാളുകളും എല്ലാം ഉള്‍പ്പെടും. കച്ചവടക്കാര്‍ അവരുടെ സ്ഥാപനത്തിനുമുന്നില്‍ റോഡ് കൈയേറുന്നതും തടയും. തെരുവോരക്കച്ചവടത്തിന് നിരോധിതമേഖല, നിയന്ത്രിതമേഖല, സ്വതന്ത്രമേഖല എന്നിങ്ങനെ തരംതിരിച്ചു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ മുതല്‍ കൈലാസ് ജങ്ഷന്‍വരെ നിരോധിതമേഖലയാണ്. അവിടംതൊട്ട് പുതിയകോട്ടവരെ നിയന്ത്രിതമേഖലയായിരിക്കും. അതിനുശേഷം കൊവ്വല്‍പള്ളിവരെ നിരോധിതമേഖലയാണ്.
പുതിയ ബസ്സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാകുന്നതുകൂടി കണക്കിലെടുത്താണ് പുതിയകോട്ടമുതല്‍ കൊവ്വല്‍പള്ളിവരെ തെരുവുകച്ചവടത്തെ നിരോധിക്കുന്നതെന്ന് നഗരസഭാധ്യക്ഷ വ്യക്തമാക്കി. പട്ടണത്തില്‍ ഇപ്പോള്‍ പെട്ടിക്കട നടത്തുന്നവരില്‍ അര്‍ഹതയുള്ളവര്‍ക്ക് നിയന്ത്രിതമേഖലയില്‍ പെട്ടിക്കടകള്‍ മാറ്റിസ്ഥാപിക്കാന്‍ സ്ഥലം നല്കുമെന്ന് സബ്കളക്ടര്‍ ജീവന്‍ബാബു പറഞ്ഞു. മാറ്റിസ്ഥാപിക്കുന്ന പെട്ടിക്കടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കുമെന്നും അദ്ദേഹം അറിയിച്ചു.

മറ്റുപരിഷ്‌കാരങ്ങള്‍ ഇങ്ങനെ:

* കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനും ടി.ബി. റോഡ് ചേരുന്ന സ്മൃതിമണ്ഡപത്തിനടുത്തെ സര്‍ക്കിളിനുമടുത്ത് ബസ് സ്റ്റോപ് അനുവദിക്കില്ല. മാവുങ്കാല്‍ ഭാഗത്തേക്ക് പോകാനുള്ളവരെ കയറ്റാന്‍ കുന്നുമ്മല്‍ റോഡിന്റെ തുടക്കത്തില്‍ ബസ് നിര്‍ത്തുന്നുണ്ട്. അത് ഒഴിവാക്കും. ബങ്കച്ചേരി കോപ്ലക്‌സിന് മുമ്പിലുള്ള സ്റ്റോപ്പും ഉണ്ടാകില്ല.
* ടൗണിലെ വാഹന പാര്‍ക്കിങ് ക്രമീകരിക്കും. അനധികൃത ഓട്ടോസ്റ്റാന്‍ഡ് ഒഴിവാക്കും. റോഡിന്റെ രണ്ടുഭാഗത്തും ഏഴരമീറ്റര്‍ വിട്ട് അടയാളപ്പെടുത്തും. അതിനപ്പുറം ഒരോതരം വാഹനം നിര്‍ത്തുന്നതിന് ബോര്‍ഡ് സ്ഥാപിക്കും.
* ടൂറിസ്റ്റ് ബസ്സുകള്‍ ചെമ്മട്ടംവയലിലേക്ക് മാറ്റും. തെരുവോരക്കച്ചവടക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന നിയന്ത്രിതമേഖലയായ വ്യാപരഭവന് സമീപത്താണ് ഇപ്പോള്‍ ടൂറിസ്റ്റ് ബസ്സുകള്‍ നിര്‍ത്തിയിടുന്നത്
* സംസ്ഥാനപാതയില്‍ നവരംഗ് ടൂറിസ്റ്റ് ഹോമിനുമുന്നില്‍ ആറ് ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കും. ഓരോ ഭാഗത്തേക്കുമുള്ള ബസ്സുകള്‍ക്ക് നിര്‍ത്താന്‍ പ്രത്യേകം സ്ഥലം അടയാളപ്പെടുത്തും.
* നഗരസഭ അനുവദിക്കാത്ത എല്ലാ പരസ്യബോര്‍ഡുകളും എടുത്തുമാറ്റും. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകളുടെ കുഴികള്‍ മാറ്റും. കെ.എസ്.എസ്.ടി.പി. പദ്ധതി വരുന്നതിനുമുമ്പുതന്നെ കോട്ടച്ചരി ട്രാഫിക് സര്‍ക്കിളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കും.
* നഗരപരിഷ്‌കരണങ്ങള്‍ക്കുമുന്പ് ഈ മാസം 21-ന് പട്ടണം ശുചീകരിക്കും.

Filed under .

0 comments for "പുതുവര്‍ഷത്തില്‍ കാഞ്ഞങ്ങാടിന് പുതിയമുഖം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas