By Malakkallu Express:December 15, 2014
കുടുംബം നോക്കാന്‍ പഠനം ഉപേക്ഷിച്ചു; കണ്ണുള്ളവര്‍ കാണണം ശ്രീലതയുടെ ദുരിതം
ബേഡഡുക്ക പഞ്ചായത്തിലെ നര്‍ക്കല മലവേട്ടുവ കോളനിയിലാണ് ശ്രീലതയുടെ താമസം. 2014 ജനവരിയിലാണ് ശ്രീലതയുടെ അച്ഛന്‍ മധു മരിക്കുന്നത്. ശ്രീലതയുടെ പഠനത്തിന്റെ മുടക്കം അവിടെ തുടങ്ങുന്നു.
2014 ജൂണില്‍ ശ്രീലത ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം തരത്തില്‍ പഠനം ആരംഭിച്ചു. താമസിയാതെ പഠനം വഴിമുട്ടി. രോഗം ബാധിച്ച അമ്മ ലക്ഷ്മിയെ കാസര്‍കോട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ആസ്പത്രി വാസത്തിനുശേഷം വീട്ടിലെത്തിയ ലക്ഷ്മിക്ക് മരുന്നും ഭക്ഷണവും കണ്ടെത്തണം. മുന്നാട് എ.യു.പി. സ്‌കൂളില്‍ ഏഴിലും മൂന്നിലും പഠിക്കുന്ന അനുജത്തിമാരായ നികന്യയെയും നിഖിതയെയും പഠിപ്പിക്കണം. പണം ഇല്ല. സഹായത്തിന് മറ്റാരുമില്ല.
ശ്രീലത ഒമ്പതാംതരത്തിലെ പഠനം നിര്‍ത്തി. നര്‍ക്കല കോളനിയുടെ സമീപ വീടുകളില്‍ കൂലിപ്പണി തുടങ്ങി. കാട് തെളിക്കലാണ് മുഖ്യജോലി. കൂലി ശരാശരി 100 രൂപ. നര്‍ക്കല മലവേട്ടവ കോളനിയിലെ ഇവരുടെ ജീവിതം ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലും കോളനിയിലും എത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കാം എന്നു പറഞ്ഞു.
ഒന്നും ഉണ്ടായില്ല. ശ്രീലത ഇപ്പോഴും കാട് തെളിക്കുന്നു.
കുടുംബനാഥന്‍ ഇല്ലാതായ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായധനം വാങ്ങാന്‍ ഇവരുടെ കുടുംബം മുന്നാട് വിേേല്ലജാഫീസില്‍ ചെന്നപ്പോള്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ മടങ്ങേണ്ടിവന്നു.
മരണമടഞ്ഞ കുടുംബനാഥന്‍ മധുവിന്റെ അച്ഛന്റെ പേരിലുള്ള സ്ഥലത്താണ് ഇവര്‍ താമസിക്കുന്നത്. ചെറ്റകുടില്‍; പ്ലൂസ്റ്റിക് വലിച്ചുകെട്ടിയ കൂര. മഴപെയ്താല്‍ പകുതിയും വീട്ടിനകത്ത്. വെയില്‍ തെളിഞ്ഞാല്‍ ചൂടുകാരണം കൂരയ്ക്കുള്ളില്‍ കഴിയാന്‍ പ്രയാസം.
കുടിവെള്ളമോ വൈദ്യുതിയോ ഇവരുടെ സമീപത്തില്ല. വളരെദൂരം നടന്നുവേണം ജലം ശേഖരിക്കാന്‍. ശ്രീലതയ്ക്ക് പഠിക്കണം എന്നാഗ്രഹമുണ്ട്. പക്ഷെ, വീട്ടിലെ കാര്യങ്ങള്‍ നടത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ല. കരുണയുടെ കരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം.

