By Malakkallu Express:December 02, 2014
ബ്ളാസ്‌റ്റേഴ്സിനു കഠിനവഴി
കൊച്ചി • ആരാധകരുടെ മനസ്സില്‍ പരാജയഭീതിയുടെ നിഴല്‍ വീണിരിക്കുന്നു. കേരള ബ്ളാസ്‌റ്റേഴ്സ് ശേഷിക്കുന്ന രണ്ടു മാച്ച് ജയിക്കുമോ എന്ന ചോദ്യമാണ് അവരുടെ മനസ്സില്‍. ജയിച്ചിലെ്ലങ്കില്‍ സെമിഫൈനല്‍ പ്രവേശനം അസാധ്യം. ജയിച്ചാല്‍ത്തന്നെ ബ്ളാസ്‌റ്റേഴ്സിന് 14 കളിയില്‍ 21 പോയിന്‍റേ ആവൂ. മറ്റു ടീമുകളുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാവും ഭാവി. ഇനിയുള്ള രണ്ടു കളിയും ജയിക്കുക. പോയിന്‍റ് നിലയില്‍ തങ്ങളേക്കാള്‍ മുകളിലുള്ള ടീമുകളും ജയിക്കുക. ഡല്‍ഹി ഡൈനാമോസ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, പുണെ സിറ്റി എഫ്സി എന്നീ ടീമുകള്‍ക്കു വിജയം അന്യമാകുക. ഇത്തരമൊരു സാഹചര്യമാണ് ഐഎസ്‌എല്‍ ഫുട്‌ബോളില്‍ കേരള ബ്ളാസ്‌റ്റേഴ്സ് ആഗ്രഹിക്കുന്നത്. പോയിന്‍റ് പട്ടികയില്‍ ടീമുകളുടെ നില ഇങ്ങനെ: 1. ചെന്നൈയിന്‍ എഫ്സി (22 പോയിന്‍റ്), 2. എഫ്സി ഗോവ (18), 3. അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത (16), 4. ബ്ളാസ്‌റ്റേഴ്സ് (15). തൊട്ടുപിന്നില്‍ ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ്, പുണെ സിറ്റി എന്നീ ടീമുകള്‍(13 പോയിന്‍റ് വീതം). ഇന്നു ഡല്‍ഹിക്കെതിരെ അത്ലറ്റിക്കോയും നാളെ പുണെ സിറ്റിക്കെതിരെ മുംബൈയും ജയിക്കണമെന്ന ആഗ്രഹമാണു ബ്ളാസ്‌റ്റേഴ്സിന്.തീര്‍ന്നില്ല, അഞ്ചാം തീയതി ഗോവയ്‌ക്കെതിരെയും ഒന്‍പതിന് ഡല്‍ഹിക്കെതിരെയും ചെന്നൈ ടീം ജയിക്കണമെന്ന് കേരളത്തിലെ ആരാധകര്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. ആറിനു പുണെയും ഡല്‍ഹിയും ഏറ്റുമുട്ടുന്പോള്‍ സമനിലയാകണേ എന്നും കൈപ്പത്തികള്‍ കൂട്ടിത്തിരുമ്മി ബ്ളാസ്‌റ്റേഴ്സ് ടെന്‍ഷനടിക്കുന്നു. 10_ാം തീയതി മുംബൈയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റും സമനിലയില്‍ കുടുങ്ങിപ്പോട്ടെ എന്ന സ്വാര്‍ഥതയും ബ്ളാസ്‌റ്റേഴ്സ് ആരാധകര്‍ പ്രകടിപ്പിക്കുന്നു. ഇങ്ങനെയെല്ലാം സംഭവിക്കുകയും ശേഷിക്കുന്ന രണ്ടു ഹോംമാച്ച് ജയിക്കുകയും ചെയ്താല്‍ ബ്ളാസ്‌റ്റേഴ്സിനു കയറിപ്പോകാം. ടീമിനുവേണ്ടി ആര്‍ത്തലച്ചു സ്‌റ്റേഡിയത്തിലേക്കു വന്നവരാണു കേരളത്തിലെ കാണികള്‍. ഇക്കഴിഞ്ഞ ഞായര്‍ അവര്‍ക്കു കറുത്തദിനമായി. ഗോവയോടേറ്റ 0_3 തോല്‍വിയേക്കാള്‍ ഞെട്ടിക്കുന്നതായി ചെന്നൈയ്‌ക്കെതിരായ മൂന്നു പോയിന്‍റ് നഷ്ടം. ഗോവയ്‌ക്കെതിരെ അവരുടെ കളത്തിലാണു തോറ്റതെന്നും അന്ന് എതിരാളികള്‍ എല്ലാംകൊണ്ടും മികച്ചതായിരുന്നു എന്നും ആരും സമ്മതിക്കും. എന്നാല്‍ ചെന്നൈയ്‌ക്കെതിരെ കണ്ടതു പിടിപ്പുകേടിന്‍റെ കഥയാണ്. ഉന്നംതെറ്റുന്ന പാസുകള്‍, ഷോട്ടുകള്‍, വഴി മറന്ന ഓട്ടങ്ങള്‍, പ്രത്യാക്രമണത്തില്‍ സ്വന്തം കോട്ട തുറന്നിട്ടു പാഞ്ഞുപോകുന്ന കുറ്റകരമായ മനോഭാവം. ബ്ളാസ്‌റ്റേഴ്സ് ക്യാംപില്‍ എന്താണു സംഭവിക്കുന്നതെന്ന് ആരാധകര്‍ ആശങ്കപ്പെടുന്നു. ഗോവയ്‌ക്കെതിരെ തകര്‍ന്നുതരിപ്പണമായ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കളിക്കാര്‍ തമ്മിലുള്ള പരസ്പരധാരണയ്ക്കും ടീം സ്പിരിറ്റിനും കോട്ടംതട്ടിയോ? കളിക്കാരുടെ മനോഭാവത്തില്‍ത്തന്നെ മാറ്റംവന്നിട്ടിലേ്ലയെന്ന് ആരാധകര്‍ സംശയിക്കുന്നു. ഗോളടിക്കാന്‍ മറന്നുപോകുന്ന ടീമെന്ന ചീത്തപ്പേര് ബ്ളാസ്‌റ്റേഴ്സിനുണ്ട്. ഐഎസ്‌എല്ലില്‍ ഏറ്റവും കുറവു ഗോളടിച്ച ടീമാണിത്. നൂറു ഗോള്‍ കണ്ട ടൂര്‍ണമെന്‍റില്‍ ബ്ളാസ്‌റ്റേഴ്സ് അടിച്ചത് വെറും എട്ടുഗോള്‍. എന്തുകൊണ്ടു ഗോളടിക്കാനാവുന്നില്ല? കൊട്ടിഘോഷിച്ചുകൊണ്ടുവന്ന മൈക്കല്‍ ചോപ്രയെന്ന സ്‌ട്രൈക്കര്‍ക്ക് എന്തുസംഭവിച്ചു? പരുക്കാണോ? ആണെങ്കില്‍ എന്തുതരം പരുക്ക്? അദ്ദേഹം ആകെ കളിച്ചത് നാലു മാച്ച്. അതും കുറച്ചുസമയം മാത്രം. ഗോളടിച്ചിലെ്ലന്നതു പോട്ടെ, എതിര്‍ ബോക്സിലേക്കു മികച്ച പാസുകള്‍ കൊടുക്കാനോ ഷോട്ടുകള്‍ തൊടുക്കാനോ കഴിഞ്ഞില്ല. പല ദിവസവും പരിശീലനത്തിന് ഇറങ്ങുന്നതുപോലുമില്ലായിരുന്നു. കാര്യമായ പരുക്കാണുള്ളതെങ്കില്‍ അദ്ദേഹത്തെ നാട്ടിലേക്ക് അയച്ചു മറ്റൊരു കളിക്കാരനെ ടീമിലേക്കു വിളിക്കാമായിരുന്നിലേ്ലയെന്നു കേരളത്തിലെ ശരാശരി ഫുട്‌ബോള്‍ പ്രേമി ചോദിക്കുന്നു. പല ടീമുകളും അങ്ങനെ ചെയ്തിട്ടുണ്ടലേ്ലാ എന്ന കാണികളുടെ ചോദ്യത്തില്‍ ന്യായമുണ്ട്. ആശങ്കാകരമായ ഇത്തരം ചോദ്യങ്ങള്‍ക്കു നാലാം തീയതിയിലെ മല്‍സരത്തില്‍ മിന്നുന്ന പ്രകടനത്തോടെ ബ്ളാസ്‌റ്റേഴ്സ് ഉത്തരം നല്‍കുമെന്നു കാണികള്‍ പ്രതീക്ഷിക്കുന്നു.

