By Malakkallu Express:December 06, 2014
ജസ്റ്റിസ് കൃഷ്ണയ്യര്‍ ഇനി കെടാവിളക്ക്
കൊച്ചി: അസ്തമയം, ഒരു നീതിജ്യോതിസ്സിന്. കണ്ണു തുറന്ന് മാത്രം വിധിയെഴുതുകയും സദാ ലോകത്തെ ഉറ്റുനോക്കുകയും ചെയ്തിരുന്ന ന്യായാധിപന്‍ ഒടുവില്‍ കണ്ണടച്ചു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ എന്ന നൂറ്റാണ്ട് പൂര്‍ണമായി. നൂറ് വയസ്സിലെത്തി ഇരുപതാം നാളില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലാണ് കൃഷ്ണയ്യര്‍ കാലത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച 3.30ന് ധീരമായ ആ ഹൃദയം നിലച്ചു. മരണസമയത്ത് ഇളയ മകന്‍ പരമേശ് അടുത്തുണ്ടായിരുന്നു. നവംബര്‍ 24നാണ് കൃഷ്ണയ്യരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
28ന് രാത്രി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ദഹനത്തിലെ നിസ്സാരമായ പ്രശ്‌നത്തില്‍ തുടങ്ങിയതായിരുന്നു അസുഖം. അവസാന ദിവസങ്ങളില്‍ ഹൃദയം, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തില്‍ താളപ്പിഴകളുണ്ടായി. പക്ഷേ, അപ്പോഴും ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഉണര്‍ന്നിരിക്കുകയായിരുന്നു മസ്തിഷ്‌കം. വ്യാഴാഴ്ച രാവിലെയോടെ സ്ഥിതി അതീവ ഗുരുതരമാകുകയും ബോധം പൂര്‍ണമായും മറയുകയും ചെയ്തു. കൃഷ്ണയ്യര്‍ പിന്നെ ഉണര്‍ന്നില്ല. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് ആറിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍. ഗൗണിന്റെകറുപ്പും ന്യായത്തിന്റെ വെളുപ്പും നിറഞ്ഞ അസാധാരണ പ്രതിഭാസത്തിന്റെ പേരായിരുന്നു വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍. പാലക്കാട്ട് ജനിച്ചു. അഭിഭാഷകനായി വളര്‍ന്നു. ഭരണാധിപനും ന്യായാധിപനുമായി. അവസാന നിമിഷംവരെയും ശരിയുടെ വെണ്മയെ ധരിച്ചു. ലോകം പ്രണമിക്കുന്ന ജ്ഞാനവൃദ്ധനായി തീക്ഷ്ണ യൗവനത്തോടെ ജീവിച്ചു. അച്ഛന്റെ വഴിയേ വക്കീലായാണ് തുടക്കം. ആദ്യ വാദങ്ങള്‍ മലബാറിലും കൂര്‍ഗിലും. പക്ഷേ, കോടതിമുറിയിലൊതുങ്ങിയില്ല അത്. കര്‍ഷകമണ്ണില്‍ അവര്‍ക്ക് വേണ്ടിയും ഉയര്‍ന്നു ആ ശബ്ദം. കമ്യൂണിസത്തിനുള്ള നിയമ പിന്തുണയ്ക്ക് പ്രതിഫലമായി ലഭിച്ചത് ഒരു മാസത്തെ ജയില്‍വാസം. കൂത്തുപറമ്ബില്‍ നിന്ന് മദ്രാസ് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ രാഷ്ട്രീയ ജീവിതത്തിലേക്ക് ജയിച്ചുകയറുകയായിരുന്നു കൃഷ്ണയ്യര്‍. പില്‍ക്കാലം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വരെയെത്തിയ പ്രയാണത്തിന്റെ തുടക്കം. ഐക്യ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്നായിരുന്നു വിജയം. ചരിത്രമെഴുതിയ മന്ത്രിസഭയില്‍ കാത്തിരുന്നത് ആഭ്യന്തരം, ജയില്‍, സാമൂഹിക ക്ഷേമം, വൈദ്യുതി, ജലം തുടങ്ങിയ പ്രധാന വകുപ്പുകള്‍. വിമോചന സമരക്കടലില്‍ മന്ത്രിസഭ ഉലഞ്ഞുവീണപ്പോള്‍ വക്കാലത്തുകളുടെ വഴിയിലേക്ക് പിന്‍നടന്നു, കൃഷ്ണയ്യര്‍. അധികം വൈകാതെ പേരിന് മുന്നില്‍ 'ജസ്റ്റിസ്' എന്ന് വാക്ക് ചേര്‍ന്നു. ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്കുള്ള വളര്‍ച്ചയ്ക്കിടെ ലോ കമ്മീഷന്‍ അംഗവും പാവപ്പെട്ടവന്റെ നീതിക്ക് വേണ്ടിയുള്ള കേന്ദ്രസമിതിയുടെ അധ്യക്ഷനുമായി. പരമോന്നത നീതിപീഠത്തിലിരുന്ന് കൃഷ്ണയ്യര്‍ ഒപ്പുവച്ച വിധികളില്‍ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസുള്‍പ്പെടെ ഉണ്ടായിരുന്നു. പത്മവിഭൂഷണ്‍ ഉള്‍പ്പെടെ എത്രയോ വലിയ ബഹുമതികള്‍ 'സദ്ഗമയ' എന്ന വീടിന്റെ പടി കടന്നെത്തി. ഇന്റര്‍നാഷണല്‍ ലോയേഴ്‌സ് അസോസിയേഷന്റെ ആദരം 'നിയമലോകത്തെ ജീവിക്കുന്ന ഇതിഹാസം' എന്ന വിശേഷണമായിരുന്നു. മൂന്ന് സര്‍വകലാശാലകളുടെ ഡോക്ടറേറ്റും അസംഖ്യം ഫെലോഷിപ്പുകളും പുറമേ. അക്ഷരങ്ങളിലും കൃഷ്ണയ്യര്‍ അത്ഭുതമായി. നിയമം മുതല്‍ യാത്രാവിവരണം വരെ വിവിധ വിഷയങ്ങളില്‍ 113 പുസ്തകങ്ങള്‍ എഴുതി. 'അനേക ലോകങ്ങളിലെ അലച്ചില്‍' (വാണ്ടറിങ് ഇന്‍ മെനി വേള്‍ഡ്‌സ്) എന്ന ആത്മകഥ ഉള്‍പ്പെടെ. മരണം കൃഷ്ണയ്യര്‍ക്ക് നാല്പത് വര്‍ഷം മുമ്ബ് യാത്രയായ ഭാര്യ ശാരദയുടെ സമീപത്തേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. അവരുടെ ആത്മാവ് ഒപ്പമുണ്ടെന്ന് വിശ്വസിച്ച് ജീവിച്ച അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു: ''എനിക്കുറപ്പുണ്ട്, എന്റെ അവസാനം എനിക്കവരെ കാണാനാകുമെന്ന്. നിങ്ങള്‍ക്കു വേണ്ടി കാത്തുനില്‍ക്കുകയാണെന്ന് എന്റെ ഭാര്യ എന്നോട് പറഞ്ഞിട്ടുണ്ട്''. മക്കളായ രമേശും പരമേശും അച്ഛന്റെ നൂറാം പിറന്നാളാഘോഷിച്ച് മടങ്ങിയതേയുള്ളൂ. ലതയാണ് അമേരിക്കയില്‍ കമ്ബ്യൂട്ടര്‍ എന്‍ജിനീയറായ രമേശിന്റെ ഭാര്യ. ചെന്നൈയില്‍ സുന്ദരം ഫിനാന്‍സില്‍ ജനറല്‍ മാനേജറായ പരമേശിന്റെ ഭാര്യ ഇന്ദ്രാണി. അസത്യത്തില്‍ നിന്ന് സത്യത്തിലേക്കുള്ള ഒരു തീര്‍ത്ഥയാത്രയുടെ വിരാമമാണിത്. 'സദ്ഗമയ'യില്‍ നിന്ന് ഇനി 'ജ്യോതിര്‍ഗമയ...'
mathrubhoomi

