By Malakkallu Express:January 06, 2015
കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം കുറയും
തിരുവനന്തപുരം: 2015നു ശേഷം കേരളത്തില്‍ നിന്നുളള പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നു പഠന റിപ്പോര്‍ട്ട്. സെന്‍റര്‍ ഫൊര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് നടത്തിയ കേരള മൈഗ്രന്‍റ്സ് സര്‍വെ 2014ന്‍റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള കുടിയേറ്റം പരമാവധിയിലേക്കു കുതിക്കുന്നു. 2015നു മുന്‍പുതന്നെ അതു പരമാവധിയിലെത്തും. കെഎംഎസ് 2014 പ്രകാരം കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ വര്‍ധനയുടെ തോത് 2015ഓടെ പൂജ്യമാകുമെന്നു 2011ലെ കെഎംഎസ് റിപ്പോര്‍ട്ടില്‍ തന്നെ പ്രവചിച്ചിരുന്നു. 2015നു ശേഷം കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം കുറഞ്ഞു തുടങ്ങും. 2011ലെ മൈഗ്രേഷന്‍ സര്‍വെയുടെ കണ്ടെത്തലനുസരിച്ച്, കേരളത്തില്‍ പ്രവാസികള്‍ അധികമുള്ള പ്രധാന കേന്ദ്രങ്ങളില്‍ അവരുടെ എണ്ണം കുറഞ്ഞുവരുന്നു. സംസ്ഥാനത്തെ ഏഴുജില്ലകളില്‍ ഒരോകുടുംബത്തില്‍ നിന്നുമുള്ള പ്രവാസികളുടെ എണ്ണത്തില്‍ 2008ലേതിനെ അപേക്ഷിച്ചു ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, സംസ്ഥാനതലത്തില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ നാലു ശതമാനത്തിന്‍റെ വര്‍ധനയുമുണ്ട്. കേരളത്തില്‍ നിന്നുള്ള ഇസിആര്‍ പാസ്പോര്‍ട്ട്ഹോള്‍ഡേഴ്സിന്‍റെ എണ്ണം 2008ഓടെ തന്നെ പരമാവധിയിലെത്തിയിരുന്നു. അതിനു ശേഷം അതില്‍ വേഗത്തിലുള്ള കുറവുണ്ടായിട്ടുണ്ട്. കെഎംഎസ് 2014 അനുസരിച്ച് കേരളത്തില്‍നിന്ന് 23.63 ലക്ഷം പ്രവാസികളുണ്ട്. 2011ല്‍ ഇത് 22.81 ലക്ഷമായിരുന്നു. 21.93 ലക്ഷമായിരുന്നു 2008ല്‍. 2003ല്‍ 18.38 ലക്ഷവും, 1998ല്‍ 13.62 ലക്ഷവുമായിരുന്നു.

