
തിരുവനന്തപുരം: വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണപക്ഷ എം.എല്‍.എമാരുടെയും കനത്ത വലയത്തിനുള്ളില്‍ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡുമായി സ്പീക്കറുടെ ഡയസിലും ഡയസിലേക്കുള്ള വാതിലിനരികിലും കനത്ത സംഘര്‍ഷം നടക്കുന്നതിനിടെ ഭരണപക്ഷ അംഗങ്ങളുടെ സീറ്റിനുപിന്നിലെ വാതിലൂടെയാണ് കെ.എം മാണി സഭയിലെത്തി ബജറ്റ് അവതരിപ്പിച്ചത്. സഭയില്‍ പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച എല്‍.ഡി.എഫ് ഈ നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബജറ്റിന്റെ നിയമസാധുതയെക്കുറിച്ച് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കാനും എല്‍.ഡി.എഫ് നേതൃത്വം തീരുമാനിച്ചു. നിയമസഭയിലെ എല്‍.ഡി.എഫ് നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ യു.ഡി.എഫും തീരുമാനിച്ചു. ഞായറാഴ്ച സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്നും തിങ്കളാഴ്ച തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ എല്ലാ നേതാക്കളും പങ്കെടുക്കുന്ന പൊതുയോഗംനടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ബജറ്റ് അവതരിപ്പിക്കാനെത്തുന്ന മന്ത്രി കെ.എം മാണിയെ തടയാനായി സ്പീക്കറുടെ ഡയസിനു ചുറ്റുമായാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ഏതാനും എം.എല്‍.എമാരുടെയും വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെയും ഒപ്പം കെ.എം മാണി സഭയിലെത്തിയത്. സംഘര്‍ഷത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കര്‍ ഡയസിലെത്തി, മൈക്കില്ലാതെ തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് മൈക്കും റൂളിംഗുമില്ലാതെയാണ് മാണി ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. ബജറ്റിന്റെ ആമുഖം വായിച്ചശേഷം ബജറ്റ് സഭയുടെ മേശപ്പുറത്തു വെക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മിലുള്ള സംഘര്‍ഷത്തിനിടെ സ്പീക്കറുടെ ഡയസിലെ കമ്ബ്യൂട്ടറും കസേരകളും മൈക്കും തകര്‍ത്തു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വന്‍ വാക്‌പോരിനും സഭവേദിയായി. സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സി. ദിവാകരന്‍, കെ.കെ. ലതിക, കെ. അജിത് കുമാര്‍, വി. ശിവന്‍കുട്ടി എന്നിവരെ ആസ്പത്രിയിലേക്ക് മാറ്റി. സഭയില്‍ വന്‍സംഘര്‍ഷം നടക്കുമ്ബോഴും അക്ഷോഭ്യനായി കേരളാകോണ്‍ഗ്രസ് എം.എല്‍.എ ഗണേഷ് കുമാര്‍ സ്വന്തം സീറ്റില്‍ ഇരുന്നതും കൗതുകമായി. ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ഭരണപക്ഷ അംഗങ്ങള്‍ സഭയില്‍ ലഡു വിതരണം ചെയ്തു. മാണി സഭയിലേക്ക് എത്തുകയാണെങ്കില്‍ തടയാനായി അഞ്ച് പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. സഭയിലേക്കുള്ള വാതിലുകളും പൂര്‍ണമായി വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നിയന്ത്രണത്തിലായിരുന്നു.