By Malakkallu Express:January 03, 2015
ഓപണ്‍ കോഴ്സുകളുടെ നടത്തിപ്പിന് 'സ്കോള്‍ കേരള' രൂപവത്കരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറിതലംവരെയുള്ള ഓപണ്‍ കോഴ്സുകളുടെ നടത്തിപ്പിന് വിദ്യാഭ്യാസ വകുപ്പിന്‍െറ നിയന്ത്രണത്തില്‍ പ്രത്യേക കൗണ്‍സില്‍ രൂപവത്കരിക്കുന്നു. സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപണ്‍ ആന്‍ഡ് ലൈഫ് ലോങ് എജുക്കേഷന്‍ (സ്കോള്‍) കേരള എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. സംസ്ഥാന ഓപണ്‍ സ്കൂള്‍ പൂര്‍ണമായി സ്കോളിന് കീഴിലേക്ക് മാറ്റുന്ന രൂപത്തിലുള്ള കരട് റിപ്പോര്‍ട്ട് വിദ്യാഭ്യാസവകുപ്പിന്‍െറ അംഗീകാരത്തോടെ ധനവകുപ്പ് പരിഗണനയിലാണ്.
ഓപണ്‍ സ്കൂള്‍ വഴി പ്ളസ് വണ്‍, പ്ളസ് ടു കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്കോളിലേക്ക് മാറും. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ ഭരണസമിതിക്കാകും സ്കോള്‍ കേരളയുടെ നടത്തിപ്പ്. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധന്‍ വൈസ്ചെയര്‍മാനാകും. പൊതുവിദ്യാഭ്യാസ, ധനകാര്യ, തൊഴില്‍ വകുപ്പ് സെക്രട്ടറിമാര്‍ ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധികളാകും. ജില്ലാ പഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളില്‍നിന്ന് ഒരാള്‍ വീതം അംഗങ്ങളാകും. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധികളുമുണ്ടാകും. ജനറല്‍ കൗണ്‍സില്‍, എക്സിക്യൂട്ടിവ് കൗണ്‍സില്‍,അക്കാദമിക് കൗണ്‍സില്‍ എന്നിവയാകും സ്കോളിന്‍െറ ഭരണ-അക്കാദമിക കാര്യങ്ങളില്‍ തീരുമാനമെടുക്കുക.
സാങ്കേതികവിദ്യാഭ്യാസ വകുപ്പിനുകീഴിലെ വിവിധ തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റ്, ഡിപ്ളോമ കോഴ്സുകളും സ്കോളിലേക്ക് മാറ്റാനുള്ള നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ സാക്ഷരതാ മിഷന് കീഴില്‍ നടക്കുന്ന രൂപത്തില്‍ തുല്യതാ പരീക്ഷകളും സ്കോളിന് നടത്താമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, സാക്ഷരതാ മിഷനുകീഴില്‍ തുല്യതാകോഴ്സുകള്‍ നടന്നുവരുന്ന സാഹചര്യത്തില്‍ സ്കോളിനുകീഴില്‍ ഇതേ കോഴ്സുകള്‍ നടത്തണമോ എന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും ശിപാര്‍ശയിലുണ്ട്. നിലവില്‍ പ്ളസ് വണ്‍, പ്ളസ് ടു ഓപണ്‍ കോഴ്സുകളും ഡിപ്ളോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ളിക്കേഷന്‍ (ഡി.സി.എ) കോഴ്സുമാണ് ഓപണ്‍ സ്കൂളിനുകീഴില്‍ നടത്തുന്നത്. 1999ലാണ്‌ഓപണ്‍ സ്കൂള്‍ നിലവില്‍വന്നത്. ക്രമേണ ഇതിനെ സ്വതന്ത്ര സ്ഥാപനമാക്കണമെന്ന് രൂപവത്കരണ സമയത്തുതന്നെ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന കാലത്ത് ഇതിനു നീക്കങ്ങള്‍ തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് വന്നതോടെ എങ്ങുമത്തെിയില്ല. അന്ന് തയാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തിയാണ് വിദ്യാഭ്യാസ വകുപ്പ് സൊസൈറ്റി ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് സ്ഥാപനം തുടങ്ങാനുള്ള നടപടികള്‍ നടത്തുന്നത്. സ്ഥാപനത്തിന്‍െറ ആസ്ഥാനം തെക്കേ മലബാറില്‍ സ്ഥാപിക്കാമെന്ന് നേരത്തെ തയാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ വ്യവസ്ഥ ചെയ്തിരുന്നെങ്കിലും ആദ്യഭരണസമിതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഭേദഗതി വരുത്തി. നിലവില്‍ എസ്.സി.ഇ.ആര്‍.ടിക്ക് കീഴിലാണ് ഓപണ്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഓപണ്‍ സ്കൂളിന് മാത്രം 50 കോടിയോളം ആസ്തിയുള്ള സാഹചര്യത്തില്‍ സ്കോള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാറിന് പുതിയ സാമ്ബത്തിക ബാധ്യത വരില്ല. ഈ വര്‍ഷം ഡി.സി.എ കോഴ്സ് തുടങ്ങിയതുവഴി 75 ലക്ഷത്തോളം രൂപയാണ് അധിക വരുമാനമുണ്ടായത്. രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് സംസ്ഥാനത്താകെ ആദ്യ ബാച്ചിന് അപേക്ഷ സമര്‍പ്പിച്ചത്. ജീവനക്കാരുടെ തുടര്‍നിയമനം തീരുമാനിക്കേണ്ടത് ഭരണസമിതി തിരുവനന്തപുരം: സ്കോള്‍ നിലവില്‍വന്നാല്‍ സംസ്ഥാന ഓപണ്‍ സ്കൂളിനുകീഴിലെ ജീവനക്കാരെ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ചുമതല പ്രഥമ ഭരണസമിതിക്ക്. 68 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരെയും മാറിമാറി വന്ന സര്‍ക്കാറുകള്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ നിയമിച്ചതാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഓപണ്‍ സ്കൂള്‍ 'സ്കോള്‍' രൂപവത്കരിച്ച് അതിന് കീഴിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചിരുന്നു. തൊട്ടുമുമ്ബത്തെ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നിയമിച്ചവരെ പിരിച്ചുവിട്ട് എല്‍.ഡി.എഫ് നിയമിച്ച ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരിന്നു ഈ നീക്കം. പദ്ധതിക്കായി തയാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ നിലവിലെ ജീവനക്കാരെ സ്കോളിന് കീഴില്‍ നിലനിര്‍ത്താന്‍ വ്യവസ്ഥയുണ്ടായിരിന്നു. പദ്ധതി റിപ്പോര്‍ട്ട് അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും നടപടികള്‍ തുടങ്ങുംമുമ്ബ് തെരഞ്ഞെടുപ്പ് വന്നതോടെ ലക്ഷ്യം കണ്ടില്ല. ഈ റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ഓപണ്‍ സ്കൂളിലെ ജീവനക്കാരെ ഉള്‍ക്കൊള്ളണമോ എന്ന കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ ഭരണസമിതിക്ക് തീരുമാനമെടുക്കാമെന്നാക്കി കരട് റിപ്പോര്‍ട്ട് ഭേദഗതി ചെയ്തു.
നേരത്തെ വിദ്യാഭ്യാസ വിദഗ്ധനെ ഭരണസമിതി ചെയര്‍മാനാക്കാനായിരുന്നു നിര്‍ദേശമെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയെ ചെയര്‍മാനാക്കുന്നതാണ് മറ്റൊരു ഭേദഗതി. സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അംഗങ്ങളായ സമിതിയുടെ അധ്യക്ഷനായി വിദ്യാഭ്യാസ വിദഗ്ധനെ നാമനിര്‍ദേശം ചെയ്യുന്നത് പ്രോട്ടോകോള്‍ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയെ ചെയര്‍മാനും വിദ്യാഭ്യാസ വിദഗ്ധനെ വൈസ്ചെയര്‍മാനുമാക്കാന്‍ ഭേദഗതിയില്‍ നിര്‍ദേശിച്ചത്. ഓപണ്‍ സ്കൂളില്‍ നിലവിലെ 68 ജീവനക്കാരും കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായവരാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവരെ കാലാവധി കഴിഞ്ഞപ്പോള്‍ പിരിച്ചുവിട്ടത് വിവാദമായിരുന്നു. ഇതിനെതിരെ മാസങ്ങളോളം സമരവും നടന്നു. പുതിയ അപേക്ഷ ക്ഷണിച്ച് ഇന്‍റര്‍വ്യൂ നടത്തിയാണ് നിലവിലുള്ളവരെ നിയമിച്ചത്.

