By Malakkallu Express:January 03, 2015
നികുതി വെട്ടിപ്പുകാര്‍ക്ക് ഓണ്‍ലൈന്‍ കെണിയുമായി വാണിജ്യ നികുതി വകുപ്പ്
കെട്ടിടനിര്‍മാണത്തിന് ഗ്രാനൈറ്റ്,മാര്‍ബിള്‍ കൊണ്ടുവരാന്‍ ഇനി മുന്‍കൂര്‍ അനുമതിവാങ്ങണം ഇടുക്കി: സ്വന്തം കെട്ടിടം നിര്‍മിക്കാനെന്ന വ്യാജേന അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ മാര്‍ബിളും ഗ്രാനൈറ്റും ടൈല്‍സും ചെക്ക് പോസ്റ്റുകളില്‍ നികുതി അടയ്‌ക്കാതെ കൊണ്ടു വന്ന് കച്ചവടം ചെയ്ത് കൊള്ളലാഭമുണ്ടാക്കുന്നവര്‍ക്ക് വാണിജ്യനികുതി വകുപ്പ് ഓണ്‍ലൈനില്‍ കെണിയൊരുക്കി. സാധനങ്ങള്‍ കൊണ്ടുവരാന്‍ വാണിജ്യ നികുതി വകുപ്പിന്റെ അംഗീകാരത്തിനുള്ള ഫോം -16 ഇനി മുന്‍കൂറായി ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. അടുത്ത 15 ന് മുമ്ബ് നിയമം നിലവില്‍ വന്നേക്കും. 20, 000 ത്തിന് മുകളില്‍ വരുന്ന തുകയ്‌ക്ക് നിയമം ബാധകമാകും. ധനമന്ത്രി കെ.എം മാണി വിളിച്ച ഉന്നതതലയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാണിജ്യ നികുതി ഇന്റലിജന്‍സ് കമ്മിഷണര്‍മാരുടെ യോഗത്തില്‍ അന്തിമ തീരുമാനമാകും സാധനങ്ങള്‍ കൊണ്ടു വരുന്നതിനുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്ന ഫോം-16 രണ്ടാഴ്ച മുമ്ബേ ഓണ്‍ലൈനായി അതത് മേഖലയിലെ വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ക്ക് സമര്‍പ്പിക്കണം.നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് മാത്രമേഇനി അംഗീകാരം നല്‍കൂ. ഇതുവരെ ചെക്ക്പോസ്റ്റുകളില്‍ പരിശോധിക്കുമ്ബോള്‍ മാത്രം നല്‍കുന്ന ഫോം -16 ല്‍ പറഞ്ഞിരിക്കുന്ന സാധനങ്ങളുടെ അളവ് മാത്രമേ നോക്കാറുണ്ടായിരുന്നുള്ളൂ. കൊണ്ടുവരുന്നയാളിന്റെ പേരും അഡ്രസും, സാധനങ്ങളുടെ അളവും തൂക്കവും, എങ്ങോട്ടാണ് കൊണ്ടുപോകുന്നത്, വാഹനത്തെ കുറിച്ചുള്ള വിവരങ്ങളും ഇതില്‍ രേഖപ്പെടുത്തണം. കൂടുതല്‍ സൂക്ഷ്‌മമായ പരിശോധനയ്‌ക്ക് സാവകാശം ഇല്ലാതിരുന്നതാണ് തട്ടിപ്പിന് ഇടയാക്കിയത്. തമിഴ്നാട്, കര്‍ണാടകം, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് മാര്‍ബിള്‍, ഗ്രാനൈറ്റ്, ടെല്‍സ് എന്നിവ കൊണ്ടുവരുന്നത്. ഇവ വ്യാപാര കേന്ദ്രങ്ങളിലെത്തിച്ച് വില്‍ക്കുന്നതില്‍ കോടികളുടെ നികുതി വെട്ടിപ്പാണ് നടക്കുന്നത്.

