By Malakkallu Express:March 26, 2015
ഇന്ത്യക്ക് തോല്‍വി; ഓസീസ്-കിവീസ് ഫൈനല്‍
സിഡ്‌നി: സെമിയില്‍ ഇന്ത്യയെ 95 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ഓസീസ് ഉയര്‍ത്തിയ 329 റണ്‍സ് വിജയലക്ഷ്യത്തിന് എതിരെ ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ടായി. ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ-328/7 (50); ഇന്ത്യ- 233/10 (46.5).
വമ്പന്‍ സ്‌കോര്‍ പിന്തുടരുന്നതിന്റെ സമ്മര്‍ദ്ദത്തിലും ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ധവാനും (45) രോഹിത് ശര്‍മയും (34) ചേര്‍ന്ന് 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പതിമൂന്നാം ഓവറില്‍ ധവാനും പിന്നാലെ ഒരു റണ്ണുമായി കോലിയും മടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. രോഹിതും റെയ്‌നയും (7) കൂടി മടങ്ങിയതോടെ ഇന്ത്യ 23 ഓവറില്‍ നാലിന് 108 എന്ന നിലയില്‍ തകര്‍ന്നു.
പിന്നീട് അജിങ്ക്യ രഹാനെയും (44) ക്യാപ്റ്റന്‍ ധോനിയും (65) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രഹാനെ മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു. പിന്നീട് രവീന്ദ്ര ജഡേജ (16 മാത്രമാണ് രണ്ടക്കം കടന്നത്.
ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണയില്ലാത്ത പിച്ചില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഓസീസ് ബൗളര്‍മാരാണ് ഇന്ത്യന്‍ പരാജയത്തിന് ആക്കം കൂട്ടിയത്. ഓസീസിനായി ഫോക്‌നര്‍ മൂന്നും സ്റ്റാര്‍ക്കും ജോണ്‍സണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്തിരുന്നു. സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തും (105) അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചുമാണ് (81) ഓസീസിന് കാര്യമായ സംഭാവന നല്‍കിയവര്‍. ഇന്ത്യക്കായി ഉമേഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഓസീസ് ന്യൂസിലന്‍ഡിനെ നേരിടും. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ആതിഥേയ രാജ്യങ്ങള്‍ തമ്മില്‍ ഫൈനല്‍ കളിക്കുന്നത്. ഇന്ത്യ-ശ്രീലങ്ക-ബംഗ്ലാദേശ് രാജ്യങ്ങള്‍ സംയുക്തമായി ആഥിത്യം വഹിച്ച 2011 ലോകകപ്പില്‍ ഇന്ത്യയും-ശ്രീലങ്കയുമായിരുന്നു ഫൈനലില്‍.

