By Malakkallu Express:March 13, 2015
വിദ്യാര്‍ഥികള്‍ക്ക് മാനസികപീഡനം :കോളജ് പ്രിന്‍സിപ്പലിനെ പുറത്താക്കി
ചെര്‍ക്കള: ബധിരരായ കുട്ടികളെ മാനസികമായി പീഡിപ്പിച്ച കോളജ് പ്രിന്‍സിപ്പലിനെ മാനേജ്‌മെന്റ് പുറത്താക്കി. ചെര്‍ക്കള മാര്‍തോമ ബധിര കോളജിലെ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ജോയ് പി ജോളിയെയാണ് പുറത്താക്കിയത്. വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും ഉപദ്റവിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് ജില്ലാ പോലിസ് ചീഫിനും ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിരുന്നു. വിവരമന്വേഷിക്കാന്‍ ഇന്നലെ കോളജിലെത്തിയ കോഴിക്കോട് ബിഷപ്പ് ഗ്രിഗോറിയോസ് മാര്‍ സ്റ്റെഫനോസ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ കേട്ടതിന് ശേഷമാണ് പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ ഉത്തരവ് നല്‍കിയത്. കോളജില്‍ ബിഷപ്പിനെ കാണാന്‍ രക്ഷിതാക്കളും ബധിര അസോസിയേഷന്‍ പ്രതിനിധികളും പൂര്‍വ വിദ്യാര്‍ഥികളുമടക്കം എത്തിയിരുന്നു. കുറേ ദിവസമായി ഈ സ്ഥാപനത്തിലെ കുട്ടികളെ പീഡിപ്പിക്കുന്നതായി കാണിച്ച് പരാതി നല്‍കിയെങ്കിലും അധികൃതര്‍ ഗൗരവമായി എടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ബിഷപ്പിന് പരാതി നല്‍കിയത്.

