By Malakkallu Express:March 28, 2015
നിഷാം കേസ്: കുറ്റപത്രം തിങ്കളാഴ്ച
സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് നിഷാംകേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ജനവരി 29നായിരുന്നു സംഭവം. നിഷാം താമസിക്കുന്ന ശോഭാസിറ്റി ഫ്ലറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചും അടിച്ചും പിരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമല ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസ് 19 ദിവസത്തിനുശേഷം മരണമടഞ്ഞു.
വമ്പന്‍വ്യവസായ സാമ്രാജ്യത്തിനുടമയായ നിഷാമിനെതിരെയുള്ള കേസ് ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. നിഷാമുമായി രഹസ്യചര്‍ച്ച നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന ജേക്കബ് ജോബിനെതിരെ നടപടിയുണ്ടാകുകയും ചെയ്തു. ചന്ദ്രബോസിന്റെ മൊഴിയെടുത്തില്ല, അപകടസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നഷ്ടപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നു.
കേസുമായി ബന്ധപ്പെട്ട് ഡി.ജി.പി.ക്കെതിരെ ആരോപണവുമായി ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് രംഗത്തെത്തി. നിഷാമുമായി അടുപ്പമുണ്ടെന്നു ചൂണ്ടിക്കാട്ടി പല രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നു. പേരാമംഗലം സി.ഐ. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു. വിജിലന്‍സ് കോടതിയിലും ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ വന്നു.
മാര്‍ച്ച് ഒമ്പതിനാണ് നിഷാമിന്റെമേല്‍ അധികൃതര്‍ കാപ്പ ചുമത്തുന്നത്. ഇയാള്‍ക്കെതിരെയുള്ള പന്ത്രണ്ടോളം കേസുകളാണ് കാപ്പ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നിഷാമിനെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. വിവാദങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് 17നാണ് അഡ്വ. സി.പി. ഉദയഭാനുവിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നത്.
അഡ്വ. ഉദയഭാനു അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തുകയും സംഭവസ്ഥലം സന്ദര്‍ശിക്കുയും ചെയ്തു. പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ പാകപ്പിഴകള്‍ പരിഹരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഇതെല്ലാം പൂര്‍ത്തിയാക്കി ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ശക്തമാക്കിയ കുറ്റപത്രമാണ് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുക.

