By Malakkallu Express:March 20, 2015
തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് വ്യാജലോട്ടറി ഒഴുകുന്നു
കുമളി: സംസ്‌ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് സമാന്തരമായി വ്യാജ ലോട്ടറി മാഫിയ ആഴ്‌ചതോറും വിറ്റഴിക്കുന്നത് കോടികളുടെ വ്യാജ ടിക്കറ്റുകള്‍. സംസ്‌ഥാന സര്‍ക്കാരിന്‍റെ ബന്പര്‍, കാരുണ്യ, അക്ഷയ, പൗര്‍ണമി, വിന്‍വിന്‍, കാരുണ്യ പ്ലസ് തുടങ്ങിയ എല്ലാ ഭാഗ്യക്കുറികളുടേയും വ്യാജന്‍ തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലെത്തുന്നുണ്ട്. ടിക്കറ്റുകള്‍ സമ്മാനാര്‍ഹമാകുന്പോള്‍ മാത്രമാണ് വ്യാജനെ ബാര്‍ക്കോഡ് പരിശോധനയിലൂടെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം കുമളിയില്‍ ബാര്‍കോഡ് പരിശോധനയിലൂടെ വ്യാജ ടിക്കറ്റ് കണ്ടെത്തിയിരുന്നു. വ്യാജ ടിക്കറ്റുകളില്‍ സമ്മാനര്‍ഹമാകുന്നവയ്‌ക്കു വില്‍പനക്കാരനോ ഏജന്‍റോ രൊക്കം പണം നല്‍കി പ്രശ്‌നം ഒതുക്കുകയാണു പതിവ്. മാര്‍ച്ച് ആദ്യവാരം മൂന്നുചാക്കു നിറയെ കാരുണ്യ ഭാഗ്യക്കുറിയുടെ വ്യാജ ടിക്കറ്റുകള്‍ കൊണ്ടുവന്നത് ചിലര്‍ തടഞ്ഞുവച്ചതായും പിന്നീടു വ്യാജലോട്ടറി മാഫിയക്കാരെത്തി കത്തിച്ചു കളഞ്ഞതായും വിവരം കിട്ടിയിട്ടുണ്ട്. വ്യാജ ടിക്കറ്റുകളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് ചെക്ക് പോസ്‌റ്റ് അധികൃതരും കണ്ടില്ലെന്ന് നടിക്കുന്നു. ലോട്ടറി ടിക്കറ്റില്‍ ദൃശ്യമാകുന്ന അതേ നന്പര്‍ ബാര്‍കോഡിലും ഉണ്ട്. ലോട്ടറി കടകളില്‍ ബാര്‍കോഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ തട്ടിപ്പ് ഒരു പരിധിവരെ നിയന്ത്രിക്കാമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെടുന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായാണു സൂചന.

