By Malakkallu Express:April 10, 2015
സംസ്ഥാനത്തെ ആദ്യ മെഗാ സൌരോര്‍ജ പദ്ധതി കാസര്‍കോട്ട് വരുന്നു
കാസര്‍കോട്: സംസ്ഥാനത്തെ പ്രഥമ മെഗാ സൌരോര്‍ജ പദ്ധതി കാസര്‍കോട്ട് ഒരുങ്ങുന്നു. ആയിരം ഏക്കറില്‍ 200 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള സോളാര്‍പാര്‍ക്കാണ് തുടങ്ങുന്നത്. കെ.എസ്.ഇ.ബി.യാണ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 3 വില്ലേജുകളിലായി ഇതിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. രണ്ടാഴ്ചക്കകം സ്ഥലം കൈമാറുമെന്നാണ് അറിയുന്നത്.
ഒരു വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് കണക്ക് കൂട്ടല്‍. രാജ്യത്ത് 2000 മെഗാവാട്ട് വൈദ്യുതി സൌരോര്‍ജത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നതിനാണ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ തരിശ് ഭൂമിയാണ് ഈ പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ ഈ പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്ന സ്ഥലം കാസര്‍കോട്ട് മാത്രമാണ്. 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 1000 ഏക്കറെങ്കിലും സ്ഥലം വേണം. അന്പലത്തറ വില്ലേജിലെ 500 ഏക്കര്‍, കിനാനൂര്‍-കരിന്തളം വില്ലേജ് 400 ഏക്കര്‍, പൈവളിഗെ വില്ലേജ് 207 ഏക്കര്‍ എന്നിങ്ങനെയാണ് അധികൃതര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് സോളാര്‍ എനര്‍ജി കോര്‍പ്പേറഷന്‍റെയും കെ.എസ്.ഇ.ബി.യുടെയും പ്രതിനിധികള്‍ പ്രസ്തുത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍പ്രകാശ് എന്നിവരുമായി കോര്‍പ്പറേഷന്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ ധാരണയായിട്ടുണ്ട്. രണ്ടാഴ്ചക്കകം സ്ഥലം കൈമാറാന്‍ കഴിയുമെന്നാണ് ജില്ലാ റവന്യു വകുപ്പ് അധികൃതര്‍ കരുതുന്നത്.

