By Malakkallu Express:May 18, 2015
42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ അരുണ ഷന്‍ബാഗ് മരിച്ചു
മുംബൈ: ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായി 42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ നഴ്‌സ് അരുണ ഷന്‍ബാഗ് (68) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. മുംബൈയില്‍ നഴ്‌സ് ആയിരുന്ന അരുണയെ 1973 ല്‍ 26 വയസ് പ്രായമുള്ളപ്പോള്‍ ആസ്പത്രി ജീവനക്കാരനായ സോഹന്‍ലാല്‍ ആണ് ആക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്.
ചങ്ങലകൊണ്ട് കഴുത്ത് ഞെരിച്ചതിനെത്തുടര്‍ന്നാണ് അവര്‍ അബോധാവസ്ഥയിലായത്. ഷന്‍ബാഗ് ജോലിചെയ്തിരുന്ന മുംബൈയിലെ കെ.ഇ.എം ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു അവര്‍. ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അരുണ ഷന്‍ബാഗിന്റെ ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അവരരെക്കുറിച്ച് പുസ്തകം എഴുതിയ പിങ്കി വിരാനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ദയാവധം വേണമെന്ന ആവശ്യത്തെ അവരെ പരിചരിച്ച നഴ്‌സുമാരും കെ.ഇ എം ഹോസ്പിറ്റലിലെ ജീവനക്കാരുമാണ് ശക്തമായി എതിര്‍ത്തത്.

