By Malakkallu Express:May 23, 2015
അങ്കത്തിനൊരുങ്ങി ടൊയോട്ട കാമ്രി
ഇന്ത്യന്‍ വാഹന വിപണി യില്‍ മെല്ലെ മെല്ലെ ആധിപത്യം സ്ഥാപിച്ച ടൊയോട്ട വീണ്ടുമൊരു അങ്കത്തിനു കൂടി തയ്യാറെടു ക്കുകയണ്. ടൊയോട്ടയുടെ ആഡംബര സെഡാനായ കാമ്രിയുടെ മുഖംമിനുക്കിയ പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകള്‍ ഇന്ത്യന്‍വിപണിയില്‍ കഴിഞ്ഞദിവസം അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷം ആഗോളവിപണിയില്‍ അവതരിപ്പിച്ച ഹൈബ്രിഡ് മോഡലാണ് ഇന്ത്യയിലും എത്തിയത്. പ്രീമിയം കാറുകളുടെ വിഭാഗത്തില്‍ വലിയൊരു മാറ്റത്തിന് വഴിതുറക്കുന്നതാണ് പുതിയ ഹൈബ്രിഡ് കാമ്രിയുടെ വിപണിപ്രവേശം.
കാമ്രിയുടെ ഘടകഭാഗങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത് ഇന്ത്യയില്‍ അസംബിള്‍ചെയ്യുകയാണ് ടൊയോട്ട ചെയ്യുന്നത്. നിലവില്‍ ഈ വിഭാഗത്തില്‍ എതിരാളികളില്ലാത്തത് ഹൈബ്രിഡ് കാമ്രിക്ക് ഗുണംചെയ്തേക്കും. പുതിയ മോഡലിന്റെ മുന്‍ഭാഗത്തിന് കാര്യമായ പരിഷ്കാരമുണ്ട്. പുതിയ ഡിസൈനിലുള്ള വലുപ്പംകുറഞ്ഞ ഗ്രില്‍ പുതിയ ഹെഡ്ലാമ്പുകളുമായി ചേര്‍ത്തിണക്കിയിരിക്കുന്നു.
പുതിയ ഹെഡ്ലാമ്പ് യൂണിറ്റില്‍ ലോ ബീമിന് എല്‍ഇഡി ലൈറ്റുകളും ഹൈ ബീമിന് ഹാലൊജന്‍ പ്രൊജക്ടര്‍ ലാമ്പുമാണ് ഉപയോഗിക്കുന്നത്. വലുപ്പംകൂടിയ ഹെക്സഗണല്‍ എയര്‍ ഡാം യൂണിറ്റ് അടങ്ങുന്നതാണ് പുതിയ ബമ്പര്‍. പിന്നിലെ ബമ്പറിനും പരിഷ്കാരമുണ്ട്. ബൂട്ട് ലിഡിലെ ക്രോം വര പഴയതിലും മെലിഞ്ഞതാണ്. ഇത് ടെയ്ല്‍ ലാമ്പ് യൂണിറ്റിനെ രണ്ടായി ഭാഗിക്കുന്നു.
പെട്രോള്‍ കാംമ്രിക്ക് 16 ഇഞ്ചും ഹൈബ്രിഡ് കാംമ്രിക്ക് 17 ഇഞ്ചും വലുപ്പമുള്ള അലോയ്സാണ്. 4.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് എടുത്തുപറയേണ്ട മറ്റൊരു ഫീച്ചര്‍. സാധാരണ കാമ്രിയില്‍ 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. 160 പിഎസ് കരുത്തും 213 എന്‍എം ചക്രവീര്യവും ഉല്‍പ്പാദിപ്പിക്കുന്നു ഈ എന്‍ജിന്‍.
ഹൈബ്രിഡ് കാമ്രിയിലും ഇതേ എന്‍ജിനാണ്. കൂടെ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് ആകെ 205 പിഎസ് കരുത്താണ് ഹൈബ്രിഡ് കാമ്രി ഉല്‍പ്പാദിപ്പിക്കുക. 233 എന്‍എം ചക്രവീര്യമുണ്ട്. കാംമ്രിക്ക് ഡല്‍ഹിയിലെ എക്സ്ഷോറൂം വില പെട്രോള്‍ 28.80 ലക്ഷം രൂപ, ഹൈബ്രിഡ് 31.92 ലക്ഷം രൂപ.

