
മാലക്കല്ല്: കള്ളാര്‍ പഞ്ചായത്തിലെ കനീലടുക്കം പ്രദേശവാസികള്‍ക്ക് ടൗണിലെത്തണമെങ്കില്‍ 12 കിലോമീറ്റര്‍ സഞ്ചരിക്കണം. നിലവില്‍ രണ്ടുകിലോമീറ്റര്‍ മാത്രം ദൂരമുള്ള മാലക്കല്ല് എത്തിച്ചേരാനാണ് കിലോമീറ്ററുകള്‍ ചുറ്റിയുള്ള ഈ യാത്ര. പാലം നിര്‍മാണം വൈകുന്നതാണ് ഇവരുടെ യാത്രാദുരിതം കൂട്ടുന്നത്. ഇവരുടെ ദുരിതത്തിനു പരിഹാരമായി കനീലടുക്കത്ത് ചെക്ക്ഡാം കം ബ്രിഡ്ജിന്റെ പ്രാരംഭനടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍, പദ്ധതിപ്രദേശത്തേക്ക് റോഡുസൗകര്യമില്ലാത്തതിനാല്‍ തടയണമാത്രം നിര്‍മിക്കാനാണ് ഇപ്പോഴത്തെ നീക്കം. മുമ്പ് തൂക്കുപാലത്തിനായി പഞ്ചായത്ത് അഞ്ചുലക്ഷം രൂപ നീക്കിവെച്ചിരുന്നെങ്കിലും പദ്ധതി നടപ്പാക്കിയില്ല. ഇതേത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി ഇരുവശങ്ങളിലും റോഡുസൗകര്യമുള്ള സ്ഥലത്ത് ചെക്ക്ഡാം കം ബ്രിഡ്ജ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ പദ്ധതി നിലവിലെ റോഡില്‍നിന്ന് 400 മീറ്റര്‍ അകലേക്കുമാറ്റി. ഡാമും പാലവും നിര്‍മിക്കാന്‍ ബോറിങ് നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ രണ്ടരലക്ഷം രൂപയും വകയിരുത്തി. എന്നാല്‍, റോഡിനായി സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ ചെക്ക്ഡാം മാത്രം നിര്‍മിക്കാനാണ് അധികൃതരുടെ നീക്കം. ആവശ്യമായ സ്ഥലമേറ്റെടുത്ത് റോഡും ചെക്ക്ഡാം കം ബ്രിഡ്ജും സ്ഥാപിച്ചാല്‍ മാത്രമേ കനീലടുക്കം നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുകയുള്ളൂ.