By Malakkallu Express:May 11, 2015
അതിര്‍ത്തിയിലെ ബാറുകളില്‍ കച്ചവടം ഇരട്ടിയായി കര്‍ണാടക ബാറുകാരുടെ ടൈം.. ബെസ്റ്റ് ടൈം
കാസര്‍കോട് :സംസ്ഥാനത്ത് ബാറുകള്‍ക്ക് താഴുവീണതോടെ അതിര്‍ത്തി പ്രദേശത്ത് പുതിയ ബാറുകള്‍ തുറന്ന് കച്ചവടം കൊഴുപ്പിച്ച് കര്‍ണാടക അബ്കാരി മാഫിയ. അധികാരകേന്ദ്രങ്ങളില്‍ പണം വാരിയെറിഞ്ഞ് ഓലപ്പുരയ്ക്കുപോലും ബാര്‍ ലൈസന്‍സ് സംഘടിപ്പിക്കുകയാണ് കര്‍ണാടക ബാര്‍ മുതലാളിമാര്‍.ദേലമ്പാടി പഞ്ചായത്തിന് അതിരിടുന്ന കര്‍ണൂരില്‍ സമയം നോക്കി പുതിയ ബാര്‍ തുടങ്ങി. അതിര്‍ത്തി ദേശമായ പള്ളത്തൂര്‍ കൊട്യോടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നും മദ്യപര്‍ ഇവിടേക്ക് ഒഴുകുമെന്നുറപ്പാണ്. മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ ഈശ്വരമംഗലത്തെ ബാറിനും ഇപ്പോള്‍ കൊയ്ത്താണ്. കുടിക്കാനെത്തുന്നവരില്‍ ബഹുഭൂരിപക്ഷവും കേരളക്കാരാണ്. ബന്തടുക്ക അതിര്‍ത്തി ദേശമായ ആലട്ടി മണ്ടക്കോലിലും പുതിയ ബാറിന് അനുമതിയായതായി അറിയുന്നു. ഇവിടെയും ലക്ഷ്യം കേരളത്തിലെ മദ്യപര്‍ തന്നെ.പാണത്തൂരില്‍ ചെറിയൊരു പാലമാണ് കര്‍ണാടകയിലെ ചെമ്പേരിയുമായി അതിരിടുന്നത്. ഉച്ചകഴിഞ്ഞാല്‍ ചെമ്പേരിയിലേക്ക് ജാഥപോലെയാണ് ആള്‍ക്കാര്‍ പോകുന്നത്.
കാഞ്ഞങ്ങാടുനിന്നും വരുന്ന പാണത്തൂര്‍ കെഎസ്ആര്‍ടിസി ബസ്സിനും ഇപ്പോള്‍ കളക്ഷന്‍ കൂടി. വാങ്ങി കഴിച്ച് പാഴ്സലുമായാണ് ആള്‍ക്കാര്‍ മടങ്ങുന്നത്. ഓട്ടോയിലും ജീപ്പിലും കാറിലും ബൈക്കിലുമെത്തി കുടിച്ച് മടങ്ങുന്നവരും കുറവല്ല. അതിര്‍ത്തി പ്രദേശത്ത് എക്സൈസിന്റെയും പൊലീസിന്റെയും പരിശോധന കര്‍ശനമാക്കിയാല്‍, മദ്യം പാഴ്സലായി കൊണ്ടുവന്ന് വില്‍ക്കുന്നത് തടയാനാവും. എന്നാല്‍ അത്തരത്തിലുള്ള നീക്കമൊന്നുമില്ലാത്തത്, അതിര്‍ത്തി ദേശത്ത് മദ്യപിച്ചുകൊണ്ടുള്ള അക്രമം കൂടാനുമിടയാക്കും.കുറഞ്ഞചെലവില്‍ കൂടിയ ലഹരിയാണ് കര്‍ണാടക ബാറുകാരുടെ പ്രത്യേകത. ഇരുന്നുകിടക്കാനുള്ള സൗകര്യമൊരുക്കാനാണ് ബാറുകാര്‍ പെര്‍മിറ്റ് നേടുന്നതെങ്കിലും, അതീവ ശോച്യാവസ്ഥയാണ് അതിര്‍ത്തി ബാറുകളിലെ അവസ്ഥ. മാലിന്യം നിറഞ്ഞ ഇടങ്ങളില്‍, കുടിക്കാനെടുക്കുന്ന വെള്ളത്തിലും മാലിന്യമാണ്. കൃത്യമായ ഗുണനിലവാര പരിശോധനയൊന്നും കര്‍ണാടകത്തില്‍ പതിവില്ലെന്ന്, ചെമ്പേരി അതിര്‍ത്തി ബാറിലെ മലയാളിയായ ജീവനക്കാരന്‍ പറഞ്ഞു. കേരളത്തില്‍ ബാര്‍ അടച്ചതിന് ശേഷം ദൂരസ്ഥലങ്ങളില്‍നിന്നുപോലും കമ്പനികൂടി മദ്യപിക്കാന്‍ വരുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഉയര്‍ന്ന ബ്രാന്‍ഡുകളുടെയും ബിയറിന്റെയും വില്‍പനയും കൂടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

