By Malakkallu Express:May 22, 2015
മഴയല്ല; കശുവണ്ടി കര്‍ഷകന്റെ കണ്ണീര്‍
രാജപുരം :അപ്രതീക്ഷിതമായി പെയ്ത മഴ കശുവണ്ടി കര്‍ഷകരെ ദുരിതത്തിലാക്കി. പ്ലാന്റേഷന്‍ തോട്ടം പാട്ടത്തിനെടുത്തവര്‍ക്ക് വന്‍ നഷ്ടം. മഴത്തുള്ളി വീണതോടെ കച്ചവടക്കാര്‍ കശുവണ്ടി വില പകുതിയായി താഴ്ത്തി.മലയോരത്തെ കശുമാവ് കര്‍ഷകരെയാണ് വേനല്‍മഴ ചതിച്ചത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ രാജപുരം, പാണത്തൂര്‍, കല്ലപ്പള്ളി, പൈനിക്കര തുടങ്ങിയ സ്ഥലങ്ങളിലെ കശുവണ്ടി പാട്ടത്തിനെടുത്തവര്‍ക്ക് തുടര്‍ച്ചയായ വേനല്‍മഴ കനത്ത നഷ്ടമാണുണ്ടാക്കിയത്.
തുടര്‍ച്ചയായി മഴ പെയ്തതാണ് പ്രതിസന്ധിയായത്. മഴ വരുന്നതിനുമുമ്പ് ശേഖരിച്ച കശുവണ്ടിയും ചില കര്‍ഷകര്‍ വിറ്റിരുന്നില്ല. അവര്‍ക്കും പാതി വിലയ്ക്ക് ഇനി വില്‍ക്കേണ്ടി വരും. 95 രൂപ വരെ ഇത്തവണ കശുവണ്ടിക്ക് കിട്ടിയിരുന്നു. ഇപ്പോഴിത് അറുപതിലും താഴ്ന്നു. സ്ഥായിയായ വിലനിലവാരമില്ലാത്തതാണ് കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണം ഏറെയുള്ളത് കശുവണ്ടി മേഖലയിലാണ്. ലക്ഷങ്ങള്‍ മുന്‍കൂര്‍ പണം നല്‍കിയാണ് പലരും പ്ലാന്റേഷന്‍ തോട്ടം പാട്ടത്തിനെടുത്തത്. അവര്‍ക്ക് പണിക്കൂലി നഷ്ടമായെന്ന് മാത്രമല്ല, മുതലും നഷ്ടമാകുന്ന അവസ്ഥയാണിപ്പോള്‍.-deshabhimani

