By Malakkallu Express:June 27, 2015
പ്രിയങ്കയും ലളിത് മോഡിയും ലണ്ടനില്‍ ചര്‍ച്ച നടത്തി -
ന്യൂഡല്‍ഹി : ലളിത് മോഡി വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രക്ഷോഭം തുടരുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കി ലളിത് മോഡിയുടെ വെളിപ്പെടുത്തല്‍. പ്രിയങ്ക ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്കും ലളിത് മോഡിക്കുള്ള
അടുപ്പമാണു പുറത്തായത്. പ്രിയങ്കയുമായി ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്‌ചയെക്കുറിച്ച് ലളിത് മോഡി ട്വിറ്ററിലൂടെ വ്യക്‌തമാക്കി. യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന കഴിഞ്ഞ വര്‍ഷമാണ് പ്രിയങ്കയുമായി കൂടിക്കാഴ്‌ച നടത്തിയതെന്നാണ് ലളിത് മോഡി വ്യക്‌തമാക്കിയത്. ഗാന്ധി കുടുംബവുമായി ലണ്ടനില്‍ കൂടിക്കാഴ്‌ച നടത്തിയതില്‍ സന്തോഷമുണ്ട്. ലണ്ടനിലെ ഒരു റെസ്‌റ്റോറന്റിലാണ് ഇരുവരെയും കണ്ടത്. റോബര്‍ട്ട് വധേരയുടെ നേതൃത്വത്തിലുള്ള ഡി.എല്‍.എഫ്. കമ്പനിയുടെ എം.ഡി. ടിമി സര്‍നയും കൂടെയുണ്ടായിരുന്നു. സര്‍നയുടെ പക്കല്‍ തന്നെ ബന്ധപ്പെടാനുള്ള നമ്പര്‍ ഉണ്ട്. അത് ഉപയോഗിച്ച് അവര്‍ക്ക് എന്നെ വിളിക്കാം. എന്താണ് അവരെക്കുറിച്ച് തനിക്ക് തോന്നുന്നതെന്ന് വിളിച്ചാല്‍ പറയുമെന്നുമാണ് ലളിത് മോഡി ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തത്. അധികാര കേന്ദ്രങ്ങളുമായി എന്നും അടുത്ത ബന്ധമാണ് ലളിത് മോഡി പുലര്‍ത്തിയിരുന്നത്. സുഷമാ സ്വരാജിനും വസുന്ധര രാജെയ്‌ക്കുമെതിരായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും കോണ്‍ഗ്രസും ഇടതുപക്ഷവും മാത്രമാണ് ഇവരുടെ രാജി ആവശ്യപ്പെട്ടത്. ബി.ജെ.പിയെ കടന്നാക്രമിക്കുന്ന ആര്‍.ജെ.ഡി, എസ്.പി, തൃണമൂല്‍ പാര്‍ട്ടികളൊന്നും തന്നെ ലളിത് മോഡി വിഷയത്തില്‍ മിണ്ടിയില്ല. ആ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെല്ലാം തന്നെ ലളിത് മോഡിയുമായി അടുത്ത ബന്ധമുള്ളതാണ് ഇതിന് കാരണം. ഇതിനാലാണ് ഭീഷണിയുടെ സ്വരത്തില്‍ ലളിത് മോഡിക്കു പ്രതികരിക്കാന്‍ കഴിയുന്നത്. താന്‍ വാക്കുകള്‍ കൂട്ടിക്കലര്‍ത്താനോ നീക്കുപോക്കുകള്‍ നടത്താനോ ഇല്ലെന്നും തന്നെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ ആരാണു താനെന്നു മനസിലാക്കികൊടുക്കുമെന്നും ലളിത് മോഡി ട്വിറ്ററിലൂടെ ഭീഷണി മുഴക്കുകയും ചെയ്‌തു. പുതിയ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിശദീകരണം നല്‍കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ മൗനം വെടിയണമെന്നും കോണ്‍ഗ്രസ് ഉത്തരം പറയാന്‍ ബാധ്യസ്‌ഥരാണെന്നും ബി.ജെ.പി. നേതാവ് സമ്പിത് പാത്ര പറഞ്ഞു. കേന്ദ്ര- സംസ്‌ഥാന മന്ത്രിമാര്‍ക്കെതിരേയുള്ള ആരോപണങ്ങളിലൂടെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ ലക്ഷ്യംവയ്‌ക്കുന്നതിന് പ്രതിരോധം തീര്‍ത്താണ് ബി.ജെ.പി. സോണിയയ്‌ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. എന്നാല്‍, പ്രിയങ്കക്കും റോബര്‍ട്ട് വധേരക്കും ലളിത് മോഡിയുമായി സാധാരണയില്‍ കവിഞ്ഞ അടുപ്പമില്ലെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. റെസ്‌റ്റോറന്റില്‍ വെച്ച് ഒരാളുമായി സംഭാഷണം നടത്തുന്നതില്‍ ഒരു തെറ്റുമില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്തെത്തി.

