By Malakkallu Express:June 27, 2015
മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരാത്തതില്‍ നാട്ടുകാര്‍ക്ക് ആശ്വാസം; തമിഴ്നാട്ടില്‍ ആശങ്ക .
കുമളി : കാലവര്‍ഷം ശക്തമായിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരാത്തതില് പെരിയാര്‍ തീരവാസികള്‍ ആശ്വാസിക്കുമ്പോള്‍ നെഞ്ചിടിപ്പുയരുന്നതു തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക്. തമിഴ്നാട്ടിലേക്കു വെള്ളം ഒഴുക്കുന്ന ഷട്ടര്‍ ഈ മാസം ആദ്യം തുറന്നെങ്കിലും നാലു പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി ഒഴുക്കാന്‍ മാത്രം ജലനിരപ്പായിട്ടില്ല.
ഇന്നലെ ജലനിരപ്പു 123.8 അടിയാണ്. തമിഴ്നാട്ടിലെ മണ്‍സൂണ്‍ കാലത്തു 1600 ഘനയടി വെള്ളമായിരുന്നു നാലു പെന്‍സ്റ്റോക്കു വഴി കൊണ്ടുപോയിരുന്നതെങ്കില്‍ ഇപ്പോള്‍ ഒഴുക്കുന്നതു 400 ഘനയടി മാത്രം. ഓരോ സെക്കന്‍ഡിലും 3838 ഘനയടി വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തുന്നതായാണു തമിഴ്നാടിന്റെ കണക്ക്. 3261 മില്യന്‍ ഘനയടി വെള്ളം ഡാമിലുള്ളതായും പറയുന്നു. ജലനിരപ്പ് 115 അടിയായി ഉയര്‍ന്നതു മുതല്‍ ബേബി ഡാമിലേക്കു വെള്ളം എത്തുന്നുണ്ട്. കാലപ്പഴക്കം മൂലം അപകടഭീഷണി ഉയര്‍ത്തുന്ന അണക്കെട്ടില്‍ ജലനിരപ്പുയരുമ്പോള്‍ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാവും. ബേബി ഡാം പുതുക്കിപ്പണിയാന്‍ തമിഴ്നാട് തിടുക്കം കാട്ടുന്നത് ഇതുമൂലമാണെന്നു കേരളം വാദിക്കുന്നു. സുപ്രീംകോടതി വിധിയെത്തുടര്‍ന്നു 136 -ല്‍ നിന്നു 142 അടിയായി ജലനിരപ്പ് ഉയര്‍ത്തിയതു മുതല്‍ തീരവാസികള്‍ പരിഭ്രാന്തിയിലാണ്. ജലനിരപ്പ് നിശ്ചിത പരിധിയിലെത്താന്‍ കാത്തുനില്‍ക്കാതെ വൈഗ ഡാമിലേക്കു വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് അംഗീകരിക്കുന്നത് ആശ്വാസമാണ്. ഇപ്പോള്‍ കൊണ്ടുപോകുന്ന വെള്ളം ജലസേചനത്തിനു വേണ്ടിയാണ്. നാലു പെന്‍സ്റ്റോക്കിലൂടെയും വെള്ളം ഒഴുക്കിയാല്‍ മാത്രമേ ലോവര്‍ക്യാമ്പില്‍ വൈദ്യുതി ഉല്പാദനം നടക്കൂ. തേനി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഷട്ടര്‍ തുറന്നപ്പോള്‍ കൂടുതല്‍ മഴയ്ക്കു വേണ്ടി പ്രത്യേകം പൂജകളും പ്രാര്‍ഥനകളും നടത്തിയിരുന്നു. മുമ്പു കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാനും തമിഴ്നാട്ടില്‍ പൂജ നടത്താറുണ്ടായിരുന്നു.

