Headlines
By Malakkallu Express:June 20, 2015

ലക്ഷദ്വീപില്‍ നിന്ന് കപ്പല്‍ ജോലിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ

കൊച്ചി : പതിനായിരങ്ങള്‍ ശമ്പളമുള്ള ജോലി ലഭിക്കാന്‍ ആറായിരം രൂപയുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്. പണത്തിനൊപ്പം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും രണ്ടു ഫോട്ടോയും കൊടുത്താല്‍ മൂന്നു വര്‍ഷത്തെ കോഴ്‌സ് വിജയിച്ച സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും 24 മണിക്കൂറിനകം കയ്യില്‍. എറിയേണ്ടിടത്തു പണമെറിഞ്ഞാല്‍ ഈ സര്‍ട്ടിഫിക്കറ്റുമായി ഓഫിസര്‍ തസ്തികയില്‍ ജോലി ഉറപ്പ്. ഇത് ഏതെങ്കിലും റിക്രൂട്ടിങ് സ്ഥാപനത്തിന്റെ പരസ്യമല്ല. കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ സഹായത്തോടെ ലക്ഷദ്വീപ് വികസന കോര്‍പറേഷന്‍ ലിമിറ്റഡിനു (എല്‍ഡിസിഎല്‍) കീഴിലെ കപ്പലുകളില്‍ വിവിധ തസ്തികകളില്‍ നടക്കുന്ന നിയമനമാണ്. എല്‍ഡിസിഎല്ലിനു കീഴിലെ കപ്പലുകളിലെ ഇലക്ട്രിക്കല്‍ ഓഫിസര്‍ തസ്തികയില്‍ മാത്രം രണ്ടു വര്‍ഷത്തിനകം ഇങ്ങനെ കയറിപ്പറ്റിയത് പത്തിലധികം പേര്‍.Image result for fake certificates
അംഗീകൃത ബിരുദമോ പോളിടെക്‌നിക് ഡിപ്ലോമയോ ആണ് കപ്പലിലെ വൈദ്യുതി സംബന്ധമായ ജോലികളുടെ ചുമതലയുള്ള ഇലക്ട്രിക്കല്‍ ഓഫിസറുടെ യോഗ്യത. യോഗ്യത നേടിയവര്‍ മുംബൈയിലെ ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ഓഫിസില്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ച് കണ്‍ടിന്യൂസ് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് (സിഡിസി) നേടിയാല്‍ കപ്പലില്‍ ജോലി ചെയ്യാം. 17,000 രൂപ ശമ്പളത്തില്‍ ട്രെയിനിയായാണ് ആദ്യ നിയമനം. ഒരു വര്‍ഷത്തെ പരിശീലനത്തിനു ശേഷം കുറഞ്ഞത് 75,000 രൂപ ശമ്പളത്തോടെ ഇലക്ട്രിക്കല്‍ ഓഫിസര്‍ തസ്തികയിലെത്താം. ലക്ഷദ്വീപ് വികസന കോര്‍പറേഷനില്‍നിന്ന് കപ്പലുകള്‍ കരാറെടുക്കുന്ന മൈനിങ് ഏജന്‍സികളാണ് തങ്ങളുടെ കപ്പലില്‍ നിയമനം നടത്തുന്നതെങ്കിലും നിയമനത്തിന് എല്‍ഡിസിഎല്‍ ഉദ്യോഗസ്ഥരുടെ അംഗീകാരം വേണം. ഈ അധികാരം ഉപയോഗിച്ചാണ് കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ അവിഹിത ഇടപെടല്‍.

ലക്ഷദ്വീപിലെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെയും സംവരണ വിഭാഗത്തില്‍പെട്ട, എസ്എസ്എല്‍സി വിജയിച്ചവരെ അദര്‍ ക്രൂ എന്ന പേരില്‍ കപ്പലുകളില്‍ നിയമിക്കാമെന്ന് ഷിപ്പിങ് മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഹോസ്പിറ്റാലിറ്റി, കേറ്ററിങ് വിഭാഗങ്ങളില്‍ മാത്രമേ ഇങ്ങനെ നിയമനം നടത്താവൂ. എസ്എസ്എല്‍സിക്കു മുകളിലുള്ള വിദ്യാഭ്യാസമോ അനുഭവ പരിചയമോ വേണ്ട. തസ്തികകളുടെ എണ്ണം കുറവായതിനാല്‍ ഈ വിഭാഗത്തില്‍ കൂടുതല്‍ പേരെയെടുക്കാനാകില്ല. ഈ സാഹചര്യത്തിലാണ് അദര്‍ ക്രൂ വിഭാഗത്തിലേക്ക് ജോലി തേടിയെത്തുന്നവരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇലക്ട്രിക്കല്‍ ഓഫിസര്‍ ട്രെയിനിയായി തിരുകി കയറ്റുന്നത്.

വ്യാജ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് മാഫിയയിലേക്കു വഴി കാട്ടുന്നതും ഈ ഉദ്യോഗസ്ഥര്‍ തന്നെ. ഒരു വര്‍ഷത്തെ പരിശീലനത്തോടെ ഒരുവിധം ജോലി പഠിക്കുന്ന ഇവരെ ഒഴിവു വരുന്ന മുറയ്ക്ക് റൊട്ടേഷന്‍ വ്യവസ്ഥയില്‍ കപ്പലുകളില്‍ നിയമിക്കും. സര്‍ട്ടിഫിക്കറ്റും സിഡിസിയും എല്‍ഡിസിഎല്‍ അംഗീകാരവുമുള്ളതിനാല്‍ ഇവര്‍ യഥാര്‍ഥത്തില്‍ യോഗ്യത നേടിയവരാണെന്നു കരുതിയാണ് മൈനിങ് ഏജന്‍സികള്‍ നിയമനം നടത്തുന്നത്. സിഡിസിക്കായി കിട്ടുന്ന സര്‍ട്ടിഫിക്കറ്റിന്റെ പരിശോധന ഷിപ്പിങ് ഡയറ്കടര്‍ ജനറല്‍ ഓഫിസില്‍ നടക്കാത്തതും തട്ടിപ്പിനു വളമാകുന്നു.

തോപ്പുംപടിയിലെ സ്വകാര്യ ഐടിഐ സ്ഥാപനമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ പ്രധാനം. വ്യാജന്‍മാര്‍ക്കെതിരെ ലക്ഷദ്വീപ് വികസന കോര്‍പറേഷനു പരാതി കൊടുത്തിട്ടും നടപടിയെടുക്കാത്തതിനാല്‍, കപ്പല്‍ ജീവനക്കാരില്‍ ചിലര്‍ ഈ സ്ഥാപനത്തില്‍ പണം കൊടുത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങി തെളിവിനായി സൂക്ഷിച്ചിട്ടുണ്ട്. ഇതു സഹിതം ഷിപ്പിങ് മന്ത്രാലയത്തിനു പരാതി നല്‍കാനാണു തീരുമാനം.

Filed under .

0 comments for "ലക്ഷദ്വീപില്‍ നിന്ന് കപ്പല്‍ ജോലിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas