By Malakkallu Express:August 03, 2015
അശ്ലീല സൈറ്റുകള്‍ കിട്ടുന്നില്ല; സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധക്കൊടുങ്കാറ്റ് വെറുതെയല്ല പ്രതിഷേധം
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ നല്‍കുന്നത് ശനിയാഴ്ചമുതല്‍ നിര്‍ത്തിവെച്ചു. കേന്ദ്ര ടെലികോംമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സൈറ്റുകള്‍ വിലക്കിയതെന്ന് സേവനദാതാക്കള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ഇന്റര്‍നെറ്റിലെ ലൈംഗികസാഹിത്യവും കാഴ്ചകളും നിഷേധിക്കുന്നതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ ഞായറാഴ്ച വന്‍ പ്രതിഷേധമാണുയര്‍ന്നത്.
സര്‍ക്കാര്‍ഉടമസ്ഥതയിലുള്ള എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍ എന്നിവയെക്കൂടാതെ എ.സി.ടി, സ്‌പെക്‌ട്രാനെറ്റ്, ടികോണ, ഏഷ്യാനെറ്റ്, വൊഡാഫോണ്‍, ഹാത്വെ എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് അശ്ലീലസൈറ്റുകള്‍ വിലക്കിയത്. എന്നാല്‍ എയര്‍ടെല്‍, ടാറ്റാ ഫോട്ടോണ്‍ തുടങ്ങിയവയില്‍ ഞായറാഴ്ചയും ഇത്തരം സൈറ്റുകള്‍ ലഭ്യമായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇത്തരം സൈറ്റുകളിലെ രചനകള്‍ ഇടയാക്കുന്നുവെന്നാണ് വിമര്‍ശം. നെറ്റിലെ അശ്ലീല സൈറ്റുകള്‍ നീക്കി ഇന്ത്യയിലെ ഓണ്‍ലൈന്‍രംഗം ശുദ്ധീകരിക്കാന്‍ നടപടിയെടുക്കുമെന്ന് കഴിഞ്ഞ നവംബറില്‍ വാര്‍ത്താവിനിമയഐ.ടി. മന്ത്രി രവിശങ്കര്‍പ്രസാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ല. ഇത്തരം സൈറ്റുകള്‍ നിരോധിക്കണമെന്ന ഹര്‍ജി കഴിഞ്ഞ മാസം സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഒരാള്‍ തന്റെ മുറിയുടെ നാലുചുമരുകള്‍ക്കുള്ളിലിരുന്ന് അശ്ലീലസൈറ്റ് കാണുന്നത് എങ്ങനെ കുറ്റകരമാവുമെന്ന് അന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ തീര്‍പ്പായിട്ടില്ല. ഏതായാലും നിരോധനത്തെ സൈബര്‍ലോകം പ്രതിഷേധത്തോടെയാണ് സ്വീകരിച്ചത്. ട്വിറ്ററിലും റെഡ്ഡിറ്റിലും ഫെയ്‌സ്ബുക്കിലും നിരോധനത്തിനെതിരെ പ്രത്യേക ഹാഷ് ടാഗുകള്‍ തന്നെ പ്രത്യക്ഷപ്പെട്ടു. ഐ.എസ്സും താലിബാനും ചെയ്യുന്ന പ്രവൃത്തിക്ക് തുല്യമെന്നായിരുന്നു പ്രമുഖ ചലച്ചിത്രകാരന്‍ രാംഗോപാല്‍വര്‍മയുടെ പ്രതികരണം. ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പി.യുടേയും മധ്യകാലഘട്ട കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് നിരോധനമെന്നായിരുന്നു ചിലരുടെ വിമര്‍ശം. നെറ്റ് കണക്ഷന് 'അണ്‍ലിമിറ്റഡ്' പ്ലാന്‍ എടുത്തത് വെറുതെയായി എന്ന് ഒരുകൂട്ടര്‍ പരിഭവിച്ചപ്പോള്‍, ഇനി കുറഞ്ഞനിരക്കുള്ള നെറ്റ് കണക്ഷനേ എടുക്കൂവെന്ന് സേവനദാതാക്കളെ ഭീഷണിപ്പെടുത്തുന്നതായി മറ്റുചിലരുടെ സന്ദേശം. അശ്ലീലസൈറ്റ് നിരോധിച്ചാലെങ്കിലും എം.പി.മാര്‍ പാര്‍ലമെന്റിലെ നടപടികള്‍ ശ്രദ്ധിക്കുമല്ലോ എന്ന് പരിഹാസം തൊടുത്തവരുമുണ്ടായിരുന്നു. * ഏതാണ്ട് നാല് കോടി അശ്ലീലസൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണ് * ഇത്തരം സൈറ്റുകളുടെ 40 ശതമാനം സന്ദര്‍ശകരും ഇന്ത്യയില്‍നിന്നാണ് * അശ്ലീല വെബ്‌സൈറ്റുകള്‍ കൂടുതല്‍ കാണുന്നത് മിസോറമില്‍, രണ്ടാമത് ഡല്‍ഹി.

